കൊല്ലം: കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രതാ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍മ്മിച്ച ഹ്രസ്വ ചിത്രം ‘ശ്രദ്ധ’ പുറത്തിറങ്ങി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫേസ്ബുക് ലൈവിലൂടെ ചിത്രം പ്രകാശനം ചെയ്തു.
ഷോര്‍ട്ട് ഫിലിം നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ ആശയം ദുരന്ത നിവാരണ അതോറിറ്റി കോവിഡിനെതിരെയുള്ള ജാഗ്രതാ സന്ദേശമായി പുറത്തിറക്കുകയായിരുന്നു.
കോണ്‍ടാക്ട് ഫിലിംസിന്റെ ബാനറില്‍ ടി ആര്‍ അരവിന്ദിന്റെ കഥയെ ആസ്പദമാക്കി അര്‍ജുന്‍ കാവനാലാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സംവിധാനം. സുരക്ഷയും സാമൂഹിക അകലവും അവഗണിച്ച് അശ്രദ്ധ ജീവിതം നയിക്കുന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൂട്ടുകാരനുമായി കാറില്‍ നഗരം ചുറ്റാന്‍ ഇറങ്ങുന്ന കഥാനായകന്‍ മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ശുദ്ധമാക്കണമെന്നുമുള്ള കൂട്ടുകാരന്റെ അഭ്യര്‍ത്ഥന തള്ളിക്കളയുന്നത് രോഗബാധയ്ക്ക് കാരണമാകുന്നതാണ് ചിത്രത്തിലൂടെ വിവരിക്കുന്നത്. ശ്രദ്ധയും ശുചിത്വവും വഴി കോവിഡ് ബാധ തടയാമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.
കൊല്ലം നഗരം പശ്ചാത്തലമാക്കി നിര്‍മിച്ച ചിത്രത്തില്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രധാന വേഷങ്ങളിലെത്തിയതും. എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി രാധാകൃഷ്ണന്‍ നായര്‍, സൂപ്രണ്ടുമാരായ കെ പി ഗിരിനാഥ്, ജി ജയകുമാര്‍, ചിത്രത്തിലെ അഭിനേതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ പ്രതാപ് എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7244/Sradha-Short-film.html