ശുഭ വാർത്ത: ഡൽഹിയിൽ 29 ശതമാനം പേരിലും കൊറോണയെ കീഴടക്കുന്ന ആൻറിബോഡിയുടെ സാന്നിധ്യം സർവേയിൽ. അശുഭ വാർത്ത: രോഗവ്യാപനം ഇന്നേവരെ ഏറ്റവും കൂടിയ സംഖ്യയിൽ എത്തി.

ന്യൂഡൽഹി: ഒരേസമയം പ്രതീക്ഷ നൽകുന്നതും പ്രതീക്ഷ കെടുത്തുന്നതുമായ വാർത്തകളാണ് ഡൽഹിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രക്തത്തിലെ പ്രതിരോധ സംവിധാനമായ ആൻറിബോഡിയുടെ സാന്നിധ്യം പരിശോധിച്ചുകൊണ്ട് നടത്തിയ സർവേയിൽ 29 ശതമാനം പേരിലും കോവിഡിനെ പ്രതിരോധിക്കുവാനുള്ള ആൻറി ബോഡി സ്വയം രൂപപ്പെട്ടതായി കണ്ടെത്തി. അതേസമയം രോഗവ്യാപനത്തിന്റെ എണ്ണം ഇതെവരെയുള്ളതിൽ ഏറ്റവും കൂടിയ സംഖ്യ രേഖപ്പെടുത്തി.

ഡൽഹിയിലെ 11 ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ സർവേയുടെ വിവരങ്ങൾ സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ ആണ് വെളിപ്പെടുത്തിയത്. ഓഗസ്റ്റ് 1 മുതൽ 7 വരെ ഉള്ള ദിവസങ്ങളിലായിരുന്നു സർവ്വേ. ഇത്തരത്തിലുള്ള രണ്ടാമത്തെ സർവ്വേയായിരുന്നു പൂർത്തീകരിച്ചത്.

15000 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 29% സാമ്പിളുകളിലും ഇമ്മ്യൂണോഗ്ലോബുലിൻ – ജി എന്ന ആൻറിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. കൊവിഡ് വൈറസിനെതിരെ ശരീരം സൃഷ്ടിക്കുന്ന പ്രതിരോധ വസ്തുവാണ് ഇത്.

ഇത്രയും ആളുകൾ ശക്തമായതോ അല്ലാത്തതോ ആയ കൊറോണ വൈറസ് ബാധയ്ക്ക് വിധേയമാവുകയും അതിനെതിരെ പ്രതിരോധം സ്വയം സൃഷ്ടിക്കുകയും ചെയ്തു എന്നാണ് സർവ്വേ വിവരം നൽകുന്ന സൂചന. പകർച്ചവ്യാധികൾ ഒരു സമൂഹത്തെ ആക്രമിക്കുമ്പോൾ അതിൽ 40 ശതമാനത്തോളം ആളുകൾ രോഗബാധയ്ക്ക് വിധേയമായി അതിനെതിരെ പ്രതിരോധം നേടുന്ന അവസ്ഥയാണ് സാമൂഹിക പ്രതിരോധം (herd immunity) എന്ന് വിളിക്കുന്നത്. ഡൽഹിയിലെ ജനസമൂഹം കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്നവരായി സ്വയം മാറി തീരുന്ന അവസ്ഥയിലേക്ക് പുരോഗമിക്കുന്നു എന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു.

ജൂൺ 28 മുതൽ ജൂലൈ 10 വരെയുള്ള കാലയളവിൽ ഡൽഹിയിലെ ജനങ്ങൾക്കിടയിൽ ഇത്തരം ഒരു സർവേ നടത്തിയിരുന്നു. 24 ശതമാനം ആളുകളിൽ കൊറോണക്കെതിരെ ആൻറി ബോഡി കണ്ടെത്തിയിരുന്നു. രണ്ടാം സർവ്വേ ആയപ്പോഴേക്കും 29 ശതമാനമായി ഉയർന്നു. ഇത് 40 ശതമാനമായി മാറിയാൽ കൊറോണക്കെതിരെ സാമൂഹിക പ്രതിരോധം ഉള്ള സമൂഹമായ ഡൽഹി മാറും.

ഡൽഹി സർക്കാരും നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോളും ആണ് സർവേ സംഘടിപ്പിച്ചത്. എല്ലാ മാസവും ഇത്തരം സർവ്വേ സംഘടിപ്പിക്കാനാണ് ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുള്ളത്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലെ ആദ്യ ആഴ്ചകളിൽ വീണ്ടും സർവ്വേ നടത്തും.

ഡൽഹിയിലെ 11 ജില്ലകളിൽ 8 ജില്ലകളിലും ആന്റിബോഡിയുടെ സാന്നിധ്യം 20 ശതമാനത്തിലധികം ആയിരുന്നു. തെക്ക്-പടിഞ്ഞാറ് ഡൽഹിയിൽ 13ശതമാനവും തെക്കൻ ഡൽഹിയിൽ 18.61 ശതമാനവും പടിഞ്ഞാറൻ ഡൽഹിയിൽ 19.1 3 ശതമാനം പേരിലും ആയിരുന്നു ആൻറി ബോഡിയുടെ സാന്നിധ്യം.

രോഗബാധക്കെതിരെ സമൂഹത്തിൻറെ പ്രതിരോധ വളർച്ച ഡൽഹിയിൽ രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്താകെയുള്ള രോഗബാധ ഏറ്റവും ഉയർന്ന നിലയിലാണ്.

വ്യാഴാഴ്ച 69,652 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ജനുവരി 30-ന് ആദ്യത്തെ കൊറോണ രോഗിയെ കേരളത്തിൽ കണ്ടെത്തിയതിനു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്. 28,36,926 പേർക്കാണ് ഇതുവരെ രാജ്യത്തെ രോഗ ബാധ സ്ഥിരീകരിച്ചത്. 53,866 മരണങ്ങൾ സംഭവിച്ചുകഴിഞ്ഞു. 3,26,61,252 രോഗ പരിശോധനകൾ ഇതുവരെ നടത്തിയിട്ടുണ്ട്. ബുധനാഴ്ച മാത്രം 9,18,470 ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി. രോഗബാധയിൽ ഏറ്റവും മോശം സ്ഥിതി മഹാരാഷ്ട്രയിലാണ്. പിന്നാലെ തമിഴ്നാട്, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ്, ഡൽഹി സംസ്ഥാനങ്ങൾ നിലകൊള്ളുന്നു.

ആദ്യ രോഗിയെ കണ്ടെത്തിയത് കേരളത്തിലാണെങ്കിലും രോഗ വ്യാപനത്തിൽ നിയന്ത്രണം സൃഷ്ടിക്കുവാൻ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ആഗസ്റ്റ് രണ്ടാം പകുതിയിൽ ഓരോ ദിവസവും സ്ഥിതി വഷളാകുന്ന ചിത്രമാണ് കേരളം നൽകുന്നത്. സെപ്റ്റംബർ മാസത്തോടെ 10,000 മുതൽ 20,000 വരെ രോഗികൾ കേരളത്തിൽ ഒരു ദിവസം ഉണ്ടായേക്കുമെന്ന ഞെട്ടിപ്പിക്കുന്ന പഠന വിവരം പുറത്തുവിട്ടിരിക്കുന്നത് സർക്കാർ തന്നെയാണ്.

Share
അഭിപ്രായം എഴുതാം