കോതമംഗലത്തെ കോവിഡ് കേസുകള്‍ – പ്രചാരണം അടിസ്ഥാനരഹിതം

എറണാകുളം – കോതമംഗലത്തെ കോവിഡ് കേസുകളെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കോവിഡ് കേസുകളെ തുടര്‍ന്ന് പ്രഖ്യാപിക്കുന്ന കണ്ടെയ്ന്‍മെന്‍റ് സോണുകളെ പള്ളിത്തര്‍ക്കവുമായി കൂട്ടിക്കുഴച്ച് സമൂഹത്തില്‍ അസ്വസ്ഥത പരത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍, ദുരന്ത നിവാരണം എന്നീ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യും. 

കോവിഡ് പരിശോധനാഫലം വിലയിരുത്തി പൊസീറ്റീവായവര്‍, പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍, ദ്വിതീയ സമ്പര്‍ക്കത്തിലുള്ളവര്‍ എന്നിവരുടെ പട്ടിക തയാറാക്കിയ ശേഷമാണ് കണ്‍ടെയ്ന്‍മെന്‍റ് സോണ്‍ സംബന്ധിച്ച് ശുപാര്‍ശ നല്‍കുന്നത്. ആരോഗ്യവകുപ്പ് നല്‍കുന്ന ശുപാര്‍ശ ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, ആര്‍.ഡി.ഒ, സിറ്റി പൊലീസ് കമ്മീഷണര്‍, ഡിവൈ.എസ്.പി എന്നിവരടങ്ങിയ ഉന്നതതല സമിതി പരിശോധിക്കും. ഇതിനു ശേഷമാണ് കണ്‍ടെയ്ന്‍മെന്‍റ് സോണുകള്‍ സംബന്ധിച്ച അന്തിമ ഉത്തരവിറക്കുന്നത്.  

കോതമംഗലം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഗൗരവതരമായ രീതിയില്‍ രോഗവ്യാപനമുണ്ടായിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. കോതമംഗലത്തെ 19 വാര്‍ഡുകളില്‍ കോവിഡ് പൊസീറ്റീവ് കേസുകള്‍ നിലവിലുണ്ട്. ഒരു വാര്‍‍ഡിലെ പൊസിറ്റീവ് കേസുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ആ വാര്‍ഡില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും സമീപ പഞ്ചായത്തുകളില്‍ വ്യാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം സോഫ്റ്റ് വെയര്‍ സഹായത്തോടെ വിശകലനം ചെയ്താണ് സമ്പര്‍ക്ക സാധ്യത വിലയിരുത്തി കണ്‍ടെയ്ന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുന്നത്.

നിലവില്‍ 56 പോസിറ്റീവ് കേസുകളാണ് കോതമംഗലം നഗരസഭയില്‍ മാത്രമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നഗരസഭയില്‍ മാത്രം പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 162 പേരും ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ 267  പേരുമുണ്ട്. നഗരസഭയിലെ 2,3,5,6,7,9,12,14,16,17,18,21,22,25,26,27,28,29,30 എന്നീ വാര്‍ഡുകളില്‍ നിലവില്‍ കോവിഡ് കേസുകളുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം