കോഴിക്കോട്: പെരിങ്ങളം റംല കേസിൽ ഭർത്താവ് മഞ്ചേരി തിരുവാലി സ്വദേശി നാസറിനെ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 19-08- 2020 ബുധനാഴ്ച മാറാട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബർ ഒന്നിന് നടത്തിയ കൊലപാതകത്തിന്റെ വിധിയാണിത്. 2020 ആഗസ്ത് 15-ന് നാസർ കുറ്റക്കാരനെന്ന് മാറാട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എസ് അംബിക വിധിച്ചിരുന്നു.
കത്തികൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയതാണ് കേസ്. റംല ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പണവും റംലയുടെ ഫോണും ആവശ്യപ്പെട്ട് നാസർ വഴക്ക് തുടങ്ങി. നാസർ ജോലിയ്ക്ക് പോകാറില്ല. റംലയുടെ കയ്യില്‍ നിന്നാണ് എന്നും പണം വാങ്ങാറുള്ളത്. അന്ന് പെരുന്നാള്‍ ദിവസമായിരുന്നു. കത്തിയെടുത്ത് വയറ്റിൽ കുത്തി. കൊടുവാൾ എടുത്ത് തല വെട്ടുകയും ചെയ്തു. പരിക്കേറ്റ റംലയെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് മരിച്ചു. ദൃക്സാക്ഷികൾ ആരുമില്ലാതിരുന്ന ഈ കേസിൽ വീട്ടിലെ വീടിൻറെ ഉടമസ്ഥ മറിയംബി മൊഴിയാണ് നിർണായകമായത്. കുന്നമംഗലം തമ്പ ട്ടില്‍ത്താഴം വീട്ടില്‍ വാടകയ്ക്കാണ് റംലയും നാസറും കഴിഞ്ഞിരുന്നത്.
റംലയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റംലയേയും രക്തത്തില്‍ മുങ്ങിയ കത്തിയുമായി നിൽക്കുന്ന നാസറിനെ കണ്ടു എന്നായിരുന്നു മൊഴി. 35 രേഖകളും 22 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ നാസർ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയെ ഹാജരാക്കി വിധി പറഞ്ഞത്. ചേവായൂർ സി ഐ കെ കെ ബിജുവാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക് ഹാജരായി.