പ്രധാന കേന്ദ്രങ്ങളില്‍ ശൗചാലയ സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

നിലവിലുള്ളവയുടെ നവീകരണം ഒക്ടോബര്‍ രണ്ടിനകം പൂര്‍ത്തിയാക്കും

കണ്ണൂര്‍: ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പൊതു ശൗചാലയ സമുച്ചയങ്ങള്‍ നിര്‍മ്മിക്കണമെന്ന് ജില്ലാ  ആസൂത്രണ സമിതി നിര്‍ദേശം. പൊതു ശുചിമുറികളുടെ നവീകരണവും നിര്‍മാണവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും  ഓണ്‍ലൈനായി സംഘടിപ്പിച്ച യോഗത്തില്‍ ചര്‍ച്ച ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതിയില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട പന്ത്രണ്ടിന പരിപാടികളുടെ ഭാഗമായുള്ള ‘പൊതു ടോയ്ലറ്റുകളും ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രങ്ങളും’ പദ്ധതി പ്രകാരമാണ്  ഇത് നടപ്പാക്കുന്നത്.

നിലവിലുള്ളവയില്‍ ഉപയോഗ ശൂന്യമായതോ പുനര്‍നിര്‍മാണം ആവശ്യമായതോ ആയ ശുചിമുറികളുടെ നവീകരണം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസ് പരിസരം, ബസ് സ്റ്റാന്‍ഡ്, പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള ശുചിമുറികളുടെ നവീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം ന്‍കിയതായി ആസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു.

ഓരോ ഗ്രാമപഞ്ചായത്തിലും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉയര്‍ന്ന നിലവാരമുള്ള രണ്ട് പൊതുശുചിമുറി സമുച്ചയങ്ങള്‍ വീതം നിര്‍മ്മിക്കാനാണ് പദ്ധതി. ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഒരു ശുചിമുറി സമുച്ചയവും സംസ്ഥാന-ദേശീയ പാതയോരങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റോപ്പ്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഒരെണ്ണവുമാണ് നിര്‍മ്മിക്കുക. ഇത്തരത്തില്‍ നഗരസഭകളില്‍ അഞ്ചും കോര്‍പ്പറേഷനില്‍ എട്ടും പൊതുശുചിമുറി സമുച്ചയങ്ങള്‍ നിര്‍മ്മിക്കും.  പൊതുവിശ്രമസ്ഥലം ഇല്ലാത്ത സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷിതമായും എളുപ്പത്തിലും ഉപയോഗിക്കാവുന്ന പ്രദേശത്തായിരിക്കും ശുചിമുറി സമുച്ചയങ്ങള്‍ നിര്‍മ്മിക്കുക. കൂടുതല്‍ സ്ഥലസൗകര്യമുള്ള ഇടങ്ങളില്‍ ശുചിമുറി സമുച്ചയങ്ങള്‍ക്കൊപ്പം കോഫി ഷോപ്പ്/റിഫ്രഷ്മെന്റ് സെന്ററുകള്‍ എന്നിവ കൂടി സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.

നിലവില്‍ ശുചിമുറികള്‍ ഇല്ലാത്തയിടങ്ങളില്‍ മാത്രം പുതിയ ശുചിമുറികള്‍ നിര്‍മിക്കണം. ഇതിനായി ഏതെങ്കിലും വകുപ്പ്/പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നുള്ള അനുയോജ്യമായ സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ/സംസ്ഥാന പാതകളുടെ വശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെയോ പൊതു സ്ഥാപനങ്ങളുടെയോ സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം. വകുപ്പ് മേധാവികളുടെ അനുമതി ആവശ്യമുള്ളത് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി അനുമതി ലഭ്യമാക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യാനും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

നിലവിലെ ശുചിമുറികകളുടെ നവീകരണം ഒക്ടോബര്‍ രണ്ടിനകവും പുതിയവയുടെ നിര്‍മ്മാണം ഡിസംബര്‍ 31നകവും പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയിലുള്ള കുടുംബശ്രീ മിഷന്‍ യൂണിറ്റുകള്‍ക്കാണ് നടത്തിപ്പ് ചുമതല. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ശുചിമുറി സമുച്ചയങ്ങള്‍ സ്ഥല ലഭ്യതയുടെയും ദിവസവും ഉപയോഗിക്കാന്‍ സാധ്യതയുള്ള ആള്‍ക്കാരുടെ എണ്ണത്തെയും അടിസ്ഥാനമാക്കി അടിസ്ഥാനതലം, സ്റ്റാന്‍ഡേര്‍ഡ്തലം, പ്രീമിയംതലം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് നിര്‍മ്മിക്കുക.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ പ്രകാശന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7246/-Toilet-complexes.html

Share
അഭിപ്രായം എഴുതാം