തെക്കൻ ചൈനാക്കടലിൽ സംഘർഷസാധ്യതയേറുന്നു, മിസൈൽ വിന്യാസവുമായി ചൈന

തായ്പെയ് : തെക്കൻ ചൈനാക്കടലിൽ സംഘർഷ സാധ്യത വർദ്ധിയ്ക്കുന്നു. തായ് വാൻ തീരത്തോടു ചേർന്ന കടലിൽ ചൈന ആകാശത്തു നിന്നും കരയിലേക്ക് തൊടുക്കാവുന്ന മിസൈൽ ലോഞ്ചിംഗ് സംവിധാനം സ്ഥാപിച്ചതാണ് പുതിയ സംഭവ വികാസം. 500 കിലോഗ്രാം ഭാരമുളള ഇവയ്ക്ക് ‘സ്കൈ തണ്ടർ’ എന്നാണ് ചൈന പേര് നൽകിയിട്ടുള്ളത്.

അമേരിക്കൻ ആരോഗ്യ സെക്രട്ടറിയായ അലക്സ് അസർ തായ്വാനിലെത്തിയതാണ് ചൈനയെ ചൊടിപ്പിച്ചത് എന്നാണ് സൂചന. തെക്കൻ ചൈനാ കടലിനെ സമുദ്ര സാമ്രാജ്യമായി കണക്കാക്കാൻ ബെയ്ജിങ്ങിനെ അനുവദിക്കില്ലെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

തെക്കു കിഴക്കൻ ഏഷ്യയിലെ സഖ്യകക്ഷികളുടെയും പങ്കാളികളുടെയും സമുദ്ര വിഭവങ്ങളും പരമാധികാര അവകാശങ്ങളും സംരക്ഷിക്കാൻ അമേരിക്ക അവരോടൊപ്പം നിൽക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

35 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് തെക്കൻ ചൈനാക്കടലിന്റെ വിസ്തൃതി. ചൈന , ബ്രൂണെ, ഇൻഡോനേഷ്യ , മലേഷ്യ , ഫിലിപ്പീൻസ് , സിംഗപ്പൂർ , തായ് വാൻ ,വിയറ്റ്നാം എന്നിവയാണ് ഈ സമുദ്രഭാഗത്തോട് അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. 250 ലേറെ ദ്വീപുകളും ഇവിടെ ഉണ്ട്. ഈ ദ്വീപുകൾക്കുമേൽ ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾ അവകാശമുന്നയിക്കുകയും ചെയ്യുന്നുണ്ട്. ലോകത്തിലെ ചരക്കു കപ്പൽ ഗതാഗതത്തിന്റെ മൂന്നിലൊന്നും ഇതുവഴിയാണ്.

Share
അഭിപ്രായം എഴുതാം