കാട്ടെരുമയെ വെടിവെച്ചുകൊന്ന ആറുപേര്‍ അറസ്റ്റില്‍

മലപ്പുറം: കാട്ടെരുമയെ (പെണ്‍ കാട്ടുപോത്ത് ) വെടിവെച്ചുകൊന്ന സംഭവത്തില്‍ ആറുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനില്‍ കാളികാവ് റെയ്ഞ്ചിനു കീഴിലെ പുഞ്ചവനത്തിലാണ് സംഭവം. പൂര്‍ണ്ണഗര്‍ഭിണിയായ എരുമ പുഞ്ചയിലെ സ്വകാര്യ തോട്ടത്തിന് മുകള്‍ഭാഗത്തായി പൂപ്പാതിരപ്പാറക്ക് സമീപം പ്രസവിക്കാനിടം തേടി നടക്കുമ്പോഴാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു.

പുഞ്ച സ്വദേശികളായ പുല്ലാരനാണിപ്പ എന്ന അബു(47), പാറോത്തോടിക മുഹമ്മദ് ബുസ്താന്‍(30), തലക്കോട്ടുപുറം മുഹമ്മദ് അന്‍സിഫ് (23) ചെമ്മല ആഷിഖ് (27), പിലാക്കല്‍ സുഹൈല്‍ (28) എന്നിവരെയണ് അറസ്റ്റ് ചെയ്തത്. പുഞ്ചയിലെ തന്നെ നറുക്കില്‍ സുരേഷ് ബാബുവിനെ സംഭവവുമായി ബന്ധ പ്പെട്ട് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

അതിക്രൂരമായിട്ടാണ് ഇവര്‍ എരുമയെ വകവരുത്തിയത്. വയര്‍ പിളര്‍ത്തിയപ്പോള്‍ കണ്ട പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഭ്രൂണവും ഇവര്‍ വെട്ടിമുറിച്ച് ഇറച്ചിയാക്കി. 200 കിലോയിലധികം മാംസം പങ്കുവച്ചു. എല്ലുകളും ഇതര ശരീരാവശിഷ്ടങ്ങളും വേട്ട ഉപകരണങ്ങളും കാട്ടില്‍ പലയിടങ്ങളിലായി തളളി. ഇവര്‍ കാണിച്ചുകൊടുത്തതനുസരിച്ച് അന്വേഷണ സംഘം ഇവ കണ്ടെത്തുകയായിരുന്നു.

വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് 2020 ഓഗസറ്റ് 10 ന് രാത്രിയില്‍ പുല്ലാര നാണിപ്പ എന്ന അബുവിന്റെ വീട്ടില്‍ നടന്ന പരിശോധനയില്‍ 25 കിലോ ഇറച്ചി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രതികള്‍ കാണിച്ചുകൊടുത്ത പ്രകാരമാണ് അന്വെഷണ സംഘം ഇവ പിടിച്ചെടുത്തത്.

നാണിപ്പ എന്ന അബുവിന്റെ ഉടമസ്ഥതയിലുളളതാണ് തോക്ക്. അയാള്‍ തന്നെയാണ് വെടി വെച്ചതും. വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ നൗഷാദലി ജഡം പരിശോധന നടത്തി കാളികാവ് റെയ്ഞ്ച് ഓഫീസര്‍ പി സുരേഷിന്റെ നേതൃത്വത്തില്‍ ചക്കിക്കുഴി റേഞ്ച് ഓഫീസര്‍ കെ സക്കീര്‍ ഹുസൈനും സംഘവു മാണ് പ്രതികളെ പിടികൂടിയത. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം