മലപ്പുറം ജില്ലയിലെ എളങ്കൂര്‍, പോത്തുകല്ല് സബ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മലപ്പുറം : എളങ്കൂര്‍ 220 കെവി  സബ്‌സ്റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സബ്‌സ്റ്റേഷന്‍ പരിസരത്ത് വൈകുന്നേരം മൂന്ന് മണിക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തത്. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. സബ്‌സ്റ്റേഷന്‍ ശിലാഫലകം അനാച്ഛാദനം എംഎല്‍ എ അഡ്വ. എം ഉമ്മര്‍ നിര്‍വ്വഹിച്ചു.

തൃക്കലങ്ങോട് പഞ്ചായത്തിലെ എളങ്കൂര്‍ ചെറാങ്കുത്ത് 6.51ഏക്കറിലാണ് സബ്‌സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 36 കോടി ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ സബ്‌സ്റ്റേഷനാണിത്.

മാടക്കത്തറ അരീക്കോട് 400 കെവി വൈദ്യുതി ഇടനാഴിയിലൂടെയാണ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്. മലപ്പുറം, മഞ്ചേരി, നിലമ്പുര്‍, എടക്കര എന്നീ സബ്‌സ്റ്റേഷനുകളിലേക്ക് 110 കെ വി ലൈനുകള്‍ വഴിയും ആനക്കയം, തൃക്കലങ്ങോട്, വണ്ടൂര്‍, എടവണ്ണ, തിരുവാലി, പാണ്ടിക്കാട് എന്നീ ഭാഗങ്ങളിലേക്ക് 11 കെവിയുടെ ആറ് ഫീഡറുകള്‍ വഴിയും പദ്ധതിയിലൂടെ വൈദ്യുതി എത്തിക്കും.

വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍, വൈസ് പ്രസിഡന്റ് വി നാരായണന്‍, തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുഹമ്മദ് കോയ മാസ്റ്റര്‍, കെ എസ് ഇ ബി ട്രാന്‍സ്ഗ്രിഡ് ചീഫ് എഞ്ചിനീയര്‍ വി രാധാകൃഷ്ണന്‍, വിവിധ ജനപ്രതിനിധികള്‍, കെഎസ്ഇബി ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7189/Elankoor-sub-station-inauguration.html

Share
അഭിപ്രായം എഴുതാം