പാലക്കാട് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്

പാലക്കാട് : ജനകീയ കൂട്ടായ്മയുടേയും പുതുപ്പരിയാരം ഭരണസമിതിയുടേയും നേതൃത്വത്തിലുള്ള ഒന്നരവര്‍ഷത്തെ പരിശ്രമഫലമായി പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് പദവിയിലേക്ക് ഉയരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 15 മുതല്‍ 30 വരെ സംസ്ഥാനത്ത് നടക്കുന്ന ശുചിത്വ പദവി പ്രഖ്യാപനത്തിന് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് തയ്യാറായി. ‘ക്ലീന്‍ പുതുപ്പരിയാരം ഗ്രീന്‍ പുതുപ്പരിയാരം’ ജനകീയ പദ്ധതിയിലൂടെയാണ് ബോധവത്ക്കരണ,  ശുചിത്വ,  മാലിന്യ,  സംസ്‌കരണ പരിപാടികള്‍ നടപ്പാക്കുന്നത്.  ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജിതമായതോടെ  വഴിയോര മാലിന്യതോതില്‍ 90 ശതമാനവും ഗ്രാമീണ മേഖല ഉള്‍പ്പെട്ട ആകെ മാലിന്യങ്ങളുടെ തോതില്‍ 89 ശതമാനവും കുറവു വന്നിട്ടുണ്ട്. പ്രതിമാസം പഞ്ചായത്തില്‍ 72 ടണ്‍ അജൈവമാലിന്യവും 4.5 ടണ്‍ ജൈവമാലിന്യങ്ങളും ഉള്‍പ്പെടെ 76.5 ടണ്‍ മാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പഞ്ചായത്ത് പരിധിയിലെ വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണ രീതിയാണ് നടപ്പാക്കുന്നത്. ഇതിനായി കമ്പോസ്റ്റ്, സോക്കേജ് പിറ്റുകളും ബയോഗ്യാസ് പ്ലാന്റ്കളും നിര്‍മ്മിച്ചിട്ടുണ്ട്. 90 ശതമാനം സബ്‌സിഡി നിരക്കില്‍ വീടുകള്‍തോറും ബയോ ബിന്നുകളും വിതരണം ചെയ്തു.  

പഞ്ചായത്തിന്റെ ഖരമാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട്  8 വനിതാ തൊഴിലാളികളും ട്രക്ടര്‍ ഡ്രൈവറും  ഉള്‍പ്പെടെയുള്ള ഗ്രീന്‍ ആര്‍മി സംഘം കടകള്‍, കല്യാണമണ്ഡപങ്ങള്‍,  ഹാളുകള്‍,  എന്നിവിടങ്ങളില്‍ നിന്നും നിത്യേന ജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിച്ച് വളമാക്കി മാറ്റുന്നുണ്ട്.  ജൈവകൃഷി പ്രോത്സാഹനത്തിനായി കര്‍ഷകര്‍ക്ക് സമൃദ്ധി എന്ന പേരില്‍ ബ്രാന്‍ഡഡ് വളം നല്‍കുന്നു.  സ്ഥാപനങ്ങള്‍, വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ച് വേര്‍തിരിച്ച് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുന്നതിനായി 21 വാര്‍ഡുകളിലായി 30 ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അജൈവമാലിന്യ സംസ്‌കരണത്തിനായി ഹരിത സേനയ്ക്ക് വീടുകളില്‍ നിന്നും 30 രൂപയും കടകളില്‍ നിന്ന് 100 രൂപയും മാസംതോറും യൂസര്‍ ഫീ ലഭിക്കുന്നുണ്ട്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ചതോടൊപ്പം 50 മൈക്രോണില്‍ കൂടുതലുള്ള  പ്ലാസ്റ്റിക് നിരോധനവും ഘട്ടംഘട്ടമായി നടപ്പിലാക്കുന്നുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7027/Puthuppariyaram-grama-panjayath.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →