നേതാജിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളണമെന്നും, നവ ഇന്ത്യയുടെ നിർമ്മാണത്തിന് മുൻനിരയിൽ പ്രവർത്തിക്കണമെന്നും ഉപരാഷ്ട്രപതി യുവാക്കളോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ചരിത്രസംഭവങ്ങളുടെ സമഗ്രവും ആധികാരികവും വസ്തുനിഷ്ഠവുമായ  വിവരണങ്ങൾ ലഭ്യമാക്കേണ്ടതിന്റെ  ആവശ്യകത ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യനായിഡു ചൂണ്ടിക്കാട്ടി. ഉപരാഷ്ട്രപതി നിവാസിൽ നേതാജി സുഭാഷ് ബോസ് ഐ എൻ എ ട്രസ്റ്റ്‌  അസോസിയേറ്റ് അംഗമായ ഡോ. കല്യാൺ കുമാർ ഡേ  രചിച്ച “നേതാജി – ഇന്ത്യാസ് ഇൻഡിപെൻഡൻസ് & ബ്രിട്ടീഷ് ആർക്കൈവ്സ് ” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് നേതാജി  നൽകിയ സംഭാവനകളിലേക്ക് വെളിച്ചം വീശുന്ന രേഖകൾ ഈ പുസ്തകത്തിലുള്ളതായി  ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യമെമ്പാടുമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെ ധൈര്യത്തിന്റെയും  ത്യാഗത്തിന്റെയും  കഥകൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ സമരത്തിൽ നേതാജിയുടെ പങ്കിനെപ്പറ്റി സൂചിപ്പിച്ച ഉപരാഷ്ട്രപതി,  നേതാജിയുടെ ധൈര്യപൂർണമായ നേതൃപാടവം ജനങ്ങൾക്ക്  പ്രത്യേകിച്ചും,  യുവാക്കൾക്ക് തുടർന്നും പ്രചോദനമാകുമെന്ന് അഭിപ്രായപ്പെട്ടു. 

രാജ്യാന്തര യുവജന ദിനമായ  ഇന്ന് ,  നേതാജിയുടെ ജീവിതത്തിൽ നിന്ന് യുവാക്കൾ പ്രചോദനം ഉൾക്കൊള്ളണമെന്നും നവ  ഇന്ത്യയുടെ  നിർമാണത്തിന് മുൻനിരയിൽ പ്രവർത്തിക്കണമെന്നും യുവാക്കളോട് ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു. 

സ്വാതന്ത്ര്യാനന്തരം 7 ദശാബ്ദങ്ങൾ പിന്നിട്ടിട്ടും വിവിധ മേഖലകളിൽ രാജ്യം നിരവധി വെല്ലുവിളികൾ ഇപ്പോഴും  നേരിട്ടുകൊണ്ടിരിക്കുന്നു. ദാരിദ്ര്യം,  നിരക്ഷരത,  അഴിമതി,  ജാതീയത ലിംഗവിവേചനം എന്നിവ ഇല്ലാത്തതും ഓരോ ഇന്ത്യക്കാരനും തുല്യാവസരങ്ങള്‍ ലഭിക്കുന്നതുമായ നവ  ഇന്ത്യയുടെ നിർമ്മാണത്തിന് യുവാക്കൾ മുൻനിരയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

നാമെല്ലാവരും പ്രാഥമികമായി ഇന്ത്യക്കാരാണെന്നും മതം,  പ്രദേശം,  ജാതി,  ഭാഷ എന്നിവയെ  അടിസ്ഥാനമാക്കിയുള്ള ഉപവ്യക്തിത്വ വിശേഷണങ്ങൾ ഇന്ത്യക്കാരനെന്ന പ്രാഥമിക സ്വത്വബോധത്തെ മറികടക്കാൻ അനുവദിക്കരുതെന്നും  നേതാജി ഉറച്ചു വിശ്വസിച്ചിരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://pib.gov.in/PressReleasePage.aspx?PRID=1645079

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →