ലണ്ടൻ: ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡും റഫറിയായ പിതാവ് ക്രിസ് ബ്രോഡുമാണ് ഇന്റർനാഷണൽ ക്രിക്കറ്റിലെ ഈ കൗതുക വാർത്തയിലെ താരങ്ങൾ.
ഇംഗ്ലണ്ട് – പാകിസ്ഥാൻ ഒന്നാം ടെസ്റ്റ് മൽസരത്തിനിടെ പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആഹ്ലാദപ്രകടനം അതിരുകടക്കുകയായിരുന്നു. ഇതോടെയാണ് മാച്ച് റഫറിയായ ക്രിസ് ബ്രോഡ് താരത്തിന് പിഴ ചുമത്തിയത്.
സ്റ്റുവർട് ബ്രോഡ് മോശം ഭാഷ ഉപയോഗിച്ചെന്നും താരത്തിൽ നിന്നും പിഴ ഈടാക്കണമെന്നും റഫറിയായ ക്രിസ് ബ്രോഡ് ശുപാർശ ചെയ്യുകയായിരുന്നു.
മൽസര ഫീയുടെ 15 ശതമാനവും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനുള്ള ശിക്ഷ .പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സിലെ 46-ാമത്തെ ഓവറിലാണ് സംഭവം.
ഐസിസി ചട്ടം ആര്‍ട്ടിക്കിള്‍ 2.5 ലംഘച്ചതിനെത്തുടര്‍ന്നാണ് ബ്രോഡിനെതിരെ നടപടി സ്വീകരിച്ചതെന്ന് ഐസിസി വ്യക്തമാക്കി.
നേരത്തെ ഈ വര്‍ഷം ജനുവരിയില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിലും 2018 ഓഗസ്റ്റില്‍ നടന്ന ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ബ്രോഡ് ഇത്തരത്തില്‍ മോശമായി പെരുമാറിയിരുന്നു. താരം പിഴവ് അംഗീകരിച്ചതായി ഐ.സി.സി പറയുന്നു