തൃശ്ശൂർ: യാത്രക്കാരൻ കബളിപ്പിച്ച ചാലക്കുടിക്കാരനായ ഓട്ടോ ഡ്രൈവർക്ക് കലാഭവൻ മണിയുടെ നായികയായിരുന്ന നിയ രഞ്ജിത്തിന്റെ സഹായം.
മണിയുടെ കടുത്ത ആരാധകനായ ചാലക്കുടിക്കാരൻ രേവതിനെയാണ് ഒരു യാത്രക്കാരൻ കബളിപ്പിച്ചത്. അമ്മ മരിച്ചു പോയെന്നു പറഞ്ഞ് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടോ വിളിച്ച യാത്രക്കാരൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയ ശേഷം ഇപ്പോൾ വരാമെന്നു പറഞ്ഞ് മുങ്ങുകയായിരുന്നു. ഓട്ടോ കൂലിയായ 6500 രൂപ നൽകിയില്ല എന്നതു മാത്രമല്ല പോകുന്നതിനു മുൻപ് 1000 രൂപ വായ്പയായും ഇയാൾ രേവതിൽ നിന്ന് വാങ്ങി. ഏറെ നേരം കാത്തിരുന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം രേവത് തിരിച്ചറിയുന്നത്. ഉൽസവ പറമ്പുകളിൽ സി ഡി യും മറ്റും വിൽപന നടത്തി ജീവിച്ചിരുന്ന രേവത് കോവിഡ് കാലത്താണ് ഓട്ടോയെടുക്കാനാരംഭിച്ചത്. രേവതിനുണ്ടായ ദുരനുഭവം ചാനലുകളിൽ കണ്ട നിയ രേവതിന് സഹായമെത്തിക്കുകയായിരുന്നു.
ലണ്ടനിൽ താമസിക്കുന്ന നിയ ‘മലയാളി’ എന്ന സിനിമയിൽ കലാഭവൻ മണിയുടെ നായികയായിരുന്നു. തിരുവനന്തപുരത്തെ ഒരു ഹോട്ടലുടമ നേരത്തേ രേവതിന് 7500 രൂപ നൽകിയിരുന്നു. സി.സി ടി വി യുടെ സഹായത്താൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.