മണ്ണിടിച്ചിലിൽ മരിച്ച തൊഴിലാളി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സർക്കാർ ധനസഹായം

തിരുനവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യമറിയിച്ചത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് കനത്ത മഴയിൽ ഇടുക്കി രാജമലയ്ക്ക് സമീപം ഉരുൾപൊട്ടിയത്. തൊഴിലാളികൾ താമസിച്ചിരുന്ന നാല് ലയങ്ങളുടെ മുകളിൽ 2 കിലോമീറ്റർ അകലെയുള്ള മലയിൽ നിന്നും മണ്ണും കല്ലും ഒഴുകി എത്തുകയായിരുന്നു. ലയങ്ങളും താമസക്കാരായ എൺപതോളം ആളുകളും അപ്പാടെ മണ്ണിനടിയിലാവുകയും ചെയ്തു.


പതിനഞ്ച് പേരെ രക്ഷാപ്രവർത്തകർ രക്ഷപെടുത്തുകയും പതിനഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. കനത്ത മഴയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടന്നു വരികയാണ്. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘമുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളും ഏകോപിപ്പിച്ച രക്ഷാദൗത്യമാണ് നടത്തുന്നത്. തൃശൂരിലെ ദേശീയ ദുരന്ത പ്രതികരണ സേന വിഭാഗവും വ്യോമസേനയും കൂടാതെ എൻ ഡി ആർ എഫ് സംഘവും പ്രദേശത്തെത്തിയിട്ടുണ്ട്. ഇവിടേയ്ക്കുള്ള ഒരു പാലം തകർന്നതിനാൽ വനത്തിലൂടെ ദീർഘ ദൂരം സഞ്ചരിച്ച് വേണം ദുരന്തസ്ഥലത്തെത്തുവാൻ.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും അനുശോചിച്ചു. ദുരന്തത്തിൽ കെ.സി.ബി.സി പ്രസിഡൻ്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ദു:ഖം രേഖപ്പെടുത്തി.

ഉരുൾപൊട്ടൽ മൂലമുണ്ടായ ദുരന്തത്തിലും കരിപ്പൂർ വിമാന ദുരന്തത്തിലും കടുത്ത വേദനയും ദു:ഖവും പങ്കുവെച്ച് ഇന്ത്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഫേസ് ബുക്കിൽ കുറിപ്പിട്ടു. പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ ദുരന്തത്തിൽ അനുശോച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →