കോഴിക്കോട്: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാമക്ഷേത്ര നിർമ്മാണത്തിനെ ആശംസിച്ചുകൊണ്ട് ട്വിറ്ററിൽ ട്വീറ്റ് ചെയ്ത നടപടിയെ വിലയിരുത്തുന്നതിന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം ബുധനാഴ്ച, 05-08-2020 ന് ചേരും. ഉച്ചക്ക് 11 മണിക്ക് പാണക്കാട് വച്ചാണ് യോഗം. അതിനുശേഷം മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ഭൂമിപൂജയ്ക്ക് ക്ഷണിക്കാത്തതിൽ കോൺഗ്രസ് നേതാക്കളുടെ പരിഭവം നിലനിൽക്കുന്ന സമയത്താണ് രാമക്ഷേത്ര നിർമ്മാണത്തിന് ആശംസകളുമായി എൽ സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്. ‘ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് രാമൻ എന്ന പേരിൻറെ സാരം. രാമൻ എല്ലാവരിലും ഉണ്ട്. എല്ലാവരുടെ കൂടെയും ഉണ്ട് . ഭഗവാൻ രാമനെയും സീതദേവിയുടെയും സന്ദേശം ഉൾക്കൊണ്ട് അവരുടെ അനുഗ്രഹത്താൽ സംഭവ്യമാകുന്ന രാംലല്ലയുടെ ക്ഷേത്രത്തിന്‍റെ ഭൂമിപൂജ രാഷ്ട്രീയ ഏകതാ, സാഹോദര്യം, സംസ്കൃതിയുടെ കൂട്ടായ്മ എന്നിവക്കുള്ള അവസരം ആകട്ടെ’ എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ദിഗ്‌വിജയ് സിംഗ്, മനീഷ് തിവാരി തുടങ്ങിയ നേതാക്കളും ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ശ്രീരാമ ക്ഷേത്ര നിർമ്മാണം സുപ്രീം കോടതിയുടെ വിധിയെ തുടർന്നാണ് നടത്തുന്നത്. ഈ വിധിയെ എഐസിസി സ്വാഗതം ചെയ്തിരുന്നു എന്ന് പ്രിയങ്കയുടെ ട്വീറ്റിനെ അനുകൂലിച്ച് എഐസിസി പ്രസ്താവനയിറക്കി.