ആശുപത്രികള്‍, ചന്തകള്‍, വിവാഹം, മരണം; കേരളത്തില്‍ കൊറോണ വ്യാപനത്തിന്‍റെ ഉറവിടങ്ങള്‍

വളരെ നല്ലരീതിയില്‍ കൊറോണ ബാധയെ നിയന്ത്രിച്ചുകൊണ്ടിരുന്ന കേരളത്തില്‍ ഇത്ര പെട്ടെന്ന് എന്തുകൊണ്ട് വ്യാപിപ്പിച്ചു എന്ന് ആലോചിക്കേണ്ട കാര്യമാണ്. വിവാഹചടങ്ങുകളും മരണാനന്തരചടങ്ങുകളും ചന്തകളും സൂപ്പര്‍മാര്‍ക്കറ്റുകളും ആശുപത്രികളും ആണ് ഇത്രയധികം സാമൂഹ്യവ്യാപനത്തിനു കാരണമായതെന്ന് മനസ്സിലാക്കാം.

വളരെയധികം നിയന്ത്രണത്തിലായിരുന്ന കേരളത്തിന് കൈവിട്ടുതുടങ്ങിയത് പൂന്തുറയിലേയും പുല്ലുവിളയിലേയും വ്യാപനത്തെ തുടര്‍ന്നാണ് മത്സ്യമാര്‍ക്കറ്റിലുള്ളവരിലാണ് ഇവിടെ വ്യാപനം ആരംഭിച്ചത്. സാമൂഹ്യവ്യാപനം തുടങ്ങിയെന്ന് സര്‍ക്കാര്‍ വിലയിരുത്തിയതും ആദ്യത്തെ ക്ലസ്റ്ററായി പ്രഖ്യാപിച്ചതും ഇവിടെത്തന്നെ.

തിരുവനന്തപുരത്ത് പോത്തീസ്, രാമചന്ദ്രന്‍ ആന്‍ഡ് സണ്‍സ് എന്നീ കടകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കാതെ ജോലിക്കാരെ വരുത്തിയതിനെ തുടര്‍ന്ന് 120 ജോലിക്കാര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ മൂവായിരത്തോളം. എറണാകുളത്തും ആലപ്പുഴയിലും രോഗവ്യാപനം അധികമായത് മത്സ്യമാര്‍ക്കറ്റിലൂടെ തന്നെ. ചെല്ലാനത്ത് കോവിഡ് പ്രോട്ടോക്കോള്‍ നോക്കാതെ സാമൂഹ്യ അകലം പാലിക്കാത്തതെ മാർക്കറ്റ് തുറന്നു പ്രവർത്തിച്ചത് രോഗവ്യാപനത്തിന് കാരണമായി. തിങ്കളാഴ്ച വയനാട് മലബാര്‍ട്രേഡിംഗ് കോര്‍പ്പറേഷനില്‍ ഉണ്ടായതും ഇതേ അവസ്ഥ തന്നെ. 15 പേര്‍ക്കാണ് ഈ സ്ഥാപനത്തിലൂടെ മാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കിടങ്ങൂരില്‍ നിന്നും പച്ചക്കറിയെടുക്കാന്‍ വന്ന ഡ്രൈവര്‍ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറ്റുമാനൂര്‍ ചന്ത അടച്ചിട്ടിരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം തുറന്നതിനുപിന്നാലെ ചന്തയിലെ 67 പേര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ധര്‍മ്മടത്ത് ഒരു കുടുംബത്തിലെ 17 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. അവരുടെ ഉറവിടവും ചന്ത തന്നെയായിരുന്നു. തലശ്ശേരി മാര്‍ക്കറ്റിലെ മീന്‍ മൊത്തവ്യാപാരിയും കുടുംബവും രോഗബാധിതരായി. കായംകുളം മാര്‍ക്കറ്റില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുകയും 17 കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഏറ്റുമാനൂര്‍ ചന്ത, പെരുമ്പാവൂര്‍ കാലിച്ചന്ത, തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് ഇങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റുകള്‍.

അതുപോലെ തന്നെ പ്രധാനമാണ് കല്യാണചടങ്ങ്, മരണാനന്തരചടങ്ങ്, ജന്മദിനാഘോഷം എന്നിവ. പത്തനംതിട്ടയില്‍ ആദ്യമുണ്ടായ കോവിഡ് കേസുതന്നെ കല്യാണാഘോഷത്തില്‍ പങ്കെടുത്തിനുശേഷം രോഗം സ്ഥിരീകരിച്ചയാള്‍ക്കാണ്. ഇപ്പോള്‍ തിങ്കളാഴ്ച മരണാനന്തരചടങ്ങില്‍ പങ്കെടുത്ത രണ്ടുപേര്‍ കോവിഡ് ബാധിച്ചിട്ടുണ്ടെന്നറിയാതെ കല്യാണത്തിന് പങ്കെടുത്തതിനെ തുടര്‍ന്ന് 51 പേരാണ് രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്നും വന്ന യുവാവ് ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്നിരുന്നു. കൂട്ടുകാരുമൊത്ത് ജന്മദിനവും ആഘോഷിച്ചു. രണ്ടു ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. അവരുടെ സമ്പര്‍ക്കപ്പട്ടിക 200-ലധികമാണ്.

നിയന്ത്രണമില്ലാതെ അസുഖം ബാധിക്കുന്ന മറ്റൊരിടം ആശുപത്രി തന്നെ. ജനറല്‍വാര്‍ഡില്‍ രോഗികള്‍ക്ക് അസുഖം, ഡോക്ടര്‍മാര്‍ക്ക് അസുഖം, നഴ്‌സുമാര്‍ക്ക് അസുഖം ഇങ്ങനെ നീണ്ടുപോകുന്നു ആരോഗ്യപ്രവര്‍ത്തകരുടെ ലിസ്റ്റ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗൈനിക് വിഭാഗത്തിലും ജനറല്‍ വാര്‍ഡിലുമായി നിരവധിപേര്‍ കൊറോണ ബാധിച്ചു ചികിത്സയിലാണ്. കണ്ണൂര്‍ പരിയാരം കോളേജില്‍ ഡോക്ടര്‍മാര്‍ അടക്കം 22-ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. മൂറോളം പേര്‍ നിരീക്ഷണത്തിലും.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അവസ്ഥയും മോശമല്ല. ജനറല്‍ വാര്‍ഡുകളില്‍ നാലെണ്ണം കണ്ടൈന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചുകഴിഞ്ഞു. നെഫ്രോളജി, കാര്‍ഡിയോ എന്നീ വിഭാഗങ്ങള്‍ സമ്പര്‍ക്കം മൂലം കണ്ടൈന്റ്‌മെന്റ് സോണാക്കി കഴിഞ്ഞു.

ഇതെല്ലാം ശ്രദ്ധിച്ചാല്‍ മനസിലാക്കാവുന്ന ഒരു കാര്യം കോവിഡ് പരക്കുന്നതെല്ലാം സാമൂഹ്യ അകലം പാലിക്കാത്ത ദിക്കില്‍ മാത്രമാണ് എന്നാണ്. ഒരു വിധം എല്ലാ ആശുപത്രികളിലും അകലം പാലിക്കാതെയാണ് രോഗികള്‍ ഇരിക്കുന്നതും ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നതും. ഓ പി വിഭാഗത്തില്‍ നമ്പറെടുക്കാന്‍ നില്‍ക്കുന്നവരും കാത്തിരിക്കുന്നവരും മുഖത്ത് മാസ്‌ക് ധരിച്ചിട്ടുണ്ടെന്നല്ലാതെ മറ്റൊരു തരത്തിലുള്ള സുരക്ഷാവിചാരങ്ങളുമില്ലെന്നത് ശ്രദ്ധേയമാണ്. തൊട്ടുടൊട്ടുനില്‍ക്കാതിരിക്കാന്‍ ആരും ശ്രദ്ധിക്കാറില്ല. കൈമാറുന്ന നോട്ടുകളോ പേപ്പറുകളോ സാനിറ്റൈസ് ചെയ്യുന്നവയല്ല. പ്രധാനമായും മാര്‍ക്കറ്റുകളില്‍ കൈമാറുന്ന നോട്ടുകള്‍ എത്രയോ ജനങ്ങള്‍ കൈമാറി വരുന്നവയാണെന്ന് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുകയോ കിട്ടുന്ന പൈസ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യേണ്ടതാണ്. പ്രധാനമായും സാമൂഹ്യ അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഒരു തരത്തിലുള്ള സമ്പര്‍ക്കവും ഉണ്ടാകാതിരിക്കുക.

Share
അഭിപ്രായം എഴുതാം