സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭകര്‍ക്കുമായി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി

തിരുവനന്തപുരം:  കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മൂലധനത്തിന്റെ അഭാവവും വായ്പാ ലഭ്യതയുമാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’ എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തി, 1000 പുതിയ സംരംഭങ്ങള്‍ എന്ന കണക്കില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 5000 പുതിയ ചെറുകിട ഇടത്തരം യൂണിറ്റുകള്‍ തുടങ്ങുവാനാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും അതോടൊപ്പം ലഭ്യമാക്കും. പ്രോജക്ട് കോസ്റ്റിന്റെ 90 ശതമാനം വരെ, പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നല്‍കുക. 10 ശതമാനം പലിശ നിരക്കിലാണ് കെഎഫ്‌സി വായ്പ അനുവദിക്കുക. 3 ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശ.

ഇതിനുപുറമേ നിലവിലെ സ്റ്റാര്‍ട്ടപ്പുകളെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ കെഎഫ്‌സി വഴി മൂന്ന് പുതിയ പദ്ധതികള്‍ കൂടി തുടങ്ങും.

പ്രവര്‍ത്തന മൂലധന വായ്പ: സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ള പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ അനുസരിച്ച് 10 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും.

സീഡ് വായ്പ: സാമൂഹിക പ്രസക്തിയുള്ള ഉല്‍പന്നമോ, സേവനമോ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കും.

ഐടി രംഗത്തിനുള്ള മൂലധനം: സെബി അക്രെഡിറ്റേഷനുളള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിന്റെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികള്‍ക്ക് 10 കോടി രൂപ വരെ ലഭിക്കും.

ഈ മൂന്ന് പദ്ധതികള്‍ക്കും രണ്ടു ശതമാനം സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാക്കും. അതിലും ഫലത്തില്‍ ഏഴു ശതമാനം ആയിരിക്കും പലിശയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട രേഖ:https://keralanews.gov.in/6520/helping-hand-for-start-ups-.html

Share
അഭിപ്രായം എഴുതാം