റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുദ്ധഭീതിയിലേക്ക് വീണ്ടും അതിര്‍ത്തി: 40000 സൈനികരെ വിന്യാസിപ്പിച്ച് ചൈന, തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് നിര്‍ദേശം

July 23, 2020 - 3:44 pm

ന്യൂഡല്‍ഹി: യുദ്ധ ഭീതിയിലേക്ക് വീണ്ടും അതിര്‍ത്തി. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ ചൈന വന്‍ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട് വന്നതിനെ പിന്നാലെയാണിത്. ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍നിന്നും ഇരു രാജ്യങ്ങളുടെ സൈന്യവും പിന്‍മാറിയെന്ന വാര്‍ത്തകള്‍ നിലനില്‍ക്കെയാണ് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈന 40,000 സൈനികരെ വിന്യസിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 40,000 സൈനികര്‍ക്ക് പുറമെ ആധുനിക ആയുധങ്ങള്‍, എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍, കവചിത വാഹനങ്ങള്‍, ദീര്‍ഘദൂര പീരങ്കികള്‍ തുടങ്ങിയവയും അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്. ഫിംഗര്‍ ഫൈവ് മേഖലയിലാണ് ചൈനീസ് സൈന്യം കൂടുതലായി എത്തിയിട്ടുള്ളത്. ഇന്ത്യയുടെ എതിര്‍പ്പിനെ മറികടന്ന് ഹോട് സ്പ്രിങ്‌സ്, ഗോഗ്ര പോസ്റ്റ് എന്നിവിടങ്ങളില്‍ ചൈന വന്‍തോതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകാന്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നിര്‍ദ്ദേശം നല്‍കി. ഇന്നലെ വ്യോമ സേനാ ആസ്ഥാനത്ത് നടന്ന എയര്‍ഫോഴ്‌സ് കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് രാജ്‌നാഥ് സിങ് വ്യോമസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. അതിര്‍ത്തിയിലെ ഏത് സാഹചര്യവും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബഡൂരിയ പറഞ്ഞു. നാനോ സാങ്കേതിക വിദ്യ, കൃത്രിമ ബുദ്ധി, സൈബര്‍ സാങ്കേതികവിദ്യ എന്നിവ കാര്യക്ഷമമായി ഉപയോഗിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കും. സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടിയന്തരമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് സൈനിക പിന്‍മാറ്റത്തിന് ഇരുരാജ്യങ്ങളും സമ്മതിച്ചത്. സൈനിക കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചകളിലും സമാനമായ തീരുമാനങ്ങളാണ് ഉണ്ടായത്. ആദ്യഘട്ടത്തില്‍ ഗല്‍വാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സൈന്യം പിന്‍മാറിയിരുന്നു. ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ നിന്നും 1.8 കിലോമീറ്റര്‍ ദൂരം പിന്‍വാങ്ങിയെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *