തിരുവനന്തപുരം: പ്രശ്‌നമുണ്ടെന്നു തോന്നിയതിനാലാണ് കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനത്തിന് താന്‍ പോകാതിരുന്നതെന്ന് സി ദിവാകരന്‍ എംഎല്‍എ. മന്ത്രിയോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ പങ്കെടുക്കണമെന്ന പ്രോട്ടോകോള്‍ ഉള്ളതിനാലാണ് താന്‍ സമ്മതം മൂളിയത്. എന്നാല്‍, തന്റെ അനുവാദം മുന്‍കൂട്ടി ആരായാതെ സ്ഥലവും സമയവും തീരുമാനിച്ചതിനാലും പന്തികേട് തോന്നിയതിനാലുമാണ് പങ്കെടുക്കാതിരുന്നത്. സിപിഐ മണ്ഡലം സെക്രട്ടറി ഷെറീഫും പങ്കെടുത്തില്ല. സിപിഎം ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ എന്നിവരും വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ല. സ്ഥാപനത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും പാര്‍ട്ടിയിലും നാട്ടിലും ഭിന്നാഭിപ്രായം ഉണ്ടായിരുന്നതിനാലാണ് പലരും വിട്ടുനിന്നത്.
പാര്‍ട്ടിയില്‍നിന്ന് വിവരം തേടുകയോ വിശ്വാസത്തിലെടുക്കുകയോ ചെയ്യാതെയാണ് സന്ദീപ് നായരുടെ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനത്തിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എത്തിയതെന്ന നിലപാടിലാണ് സിപിഎം ജില്ലാ നേതൃത്വം. ശ്രീരാമകൃഷ്ണന്റെ വിശദീകരണം അംഗീകരിക്കുമ്പോള്‍ത്തന്നെ വേണ്ടത്ര ജാഗ്രത ഇക്കാര്യത്തില്‍ കാട്ടിയില്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്ക്. സ്ഥലം എംഎല്‍എ സി ദിവാകരന്‍ പങ്കെടുക്കാതിരിക്കുകയും സ്പീക്കര്‍ പങ്കെടുക്കുകയും ചെയ്തത് പാര്‍ട്ടിക്ക് ക്ഷീണമായി. നിയമസഭാ സമ്മേളനം നടക്കുന്ന സന്ദര്‍ഭം ആയിരുന്നിട്ടും ഉച്ചയ്ക്ക് പോയി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.