ന്യൂയോര്‍ക്ക്: ഗല്‍വാന്‍ താഴവരയില്‍ ഇന്ത്യന്‍ സൈനികരുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവസംസ്‌കാര ചടങ്ങുകള്‍ രഹസ്യമായി നടത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം നടത്തുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. വ്യക്തിപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ ചൈനീസ് സിവില്‍ അഫയേഴ്സ് മന്ത്രാലയം ആവശ്യപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. ചൈനയുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങള്‍ കുറച്ചുകാണിക്കാനാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതെന്ന് ആരോപണമുണ്ട്. ഏറ്റുമുട്ടലില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ മാരകമായി പരിക്കേല്‍ക്കുകയോ ചെയ്തതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമാനം.
ജൂണ്‍ 15ന് നടന്ന ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ഒരു കേണലടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ചൈനയാകട്ടെ ഇതുസംബന്ധിച്ച ഒരു വിവരവും പുറത്തുവിട്ടിട്ടുമില്ല.