പത്തനംതിട്ട ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണ മെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ അറിയിച്ചു.

60ന് മുകളിലും 10ന് താഴെയും പ്രായമുള്ളവര്‍, ശ്വാസകോശ രോഗമുള്ളവര്‍, കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍, ഡയബറ്റിക്‌സ്, ഹൃദ്രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് രോഗം ബാധിച്ചാല്‍ ഗുരുതരാവസ്ഥയും മരണം വരെയും സംഭവിക്കാം. ഇത്തരത്തിലുള്ളവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നതാണ് റിവേഴ്‌സ് ക്വാറന്റൈന്‍. ജില്ലയില്‍ ഇങ്ങനെയുള്ള ലക്ഷക്കണക്കിന് ആളുകളുണ്ട്. ഇവര്‍ക്ക് പ്രത്യേക കരുതല്‍ ആവശ്യമുണ്ട്.

ഇവര്‍ എല്ലായ്‌പ്പോഴും വീട്ടില്‍ തന്നെ കഴിയണം. സന്ദര്‍ശകരുമായി ഇടപഴകരുത്. ആളുകള്‍ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ലഘുവ്യായാമങ്ങള്‍, യോഗ തുടങ്ങിയവ പരിശീലിക്കാം. പോഷക ഗുണങ്ങളുള്ള ഭക്ഷണം കഴിക്കണം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടങ്ങരുത്. എപ്പോഴും കൈകൊണ്ട് സ്പര്‍ശിക്കാന്‍ സാധ്യതയുള്ള കണ്ണട പോലുള്ള വസ്തുക്കള്‍ വൃത്തിയാക്കി വയ്ക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനം ഉപയോഗിക്കുകയോ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയോ ചെയ്യണം. സാധാരണ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ആശുപത്രിയില്‍ പോകണമെന്നില്ല. കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വീട്ടിലേക്ക് ക്ഷണിക്കരുത്. മദ്യം, പുകയില തുടങ്ങിയവ ഉപയോഗിക്കരുത്. സന്തോഷത്തോടെയും മാനസികാരോഗ്യത്തോടെയും കഴിയണം.

വിവരങ്ങള്‍ അറിയുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഈ നമ്പരുകളില്‍ വിളിക്കാം. കണ്‍ട്രോള്‍ റൂം നമ്പരുകള്‍: ജില്ലാ മെഡിക്കല്‍ ഓഫീസ് – 0468 2228220, 9188294118, 8281413458, ദുരന്തനിവാരണ വിഭാഗം – 0468 2322515, മാനസികാരോഗ്യ പിന്തുണ- 8281113911.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6052/Reverse-quarantine-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →