കിഫ്ബി ധനസഹായത്തോടെ ജില്ലയില്‍ 5 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 8.38 കോടി രൂപയുടെ പദ്ധതികള്‍

ആലപ്പുഴ: സംസ്ഥാനത്തിലെ തീരദേശജില്ലകളിലെ തിരഞ്ഞെടുത്ത 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 65 കോടി രൂപയുടെ ധനസഹായം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന  പദ്ധതിയുടെ ആദ്യ ഘട്ടത്തിന്  തുടക്കമാകുന്നു. ആലപ്പുഴയില്‍ വിവിധ മണ്ഡലങ്ങളിലെ 5 സ്‌കൂളുകള്‍ക്ക് പദ്ധതി വഴി  8.38 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.  പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഓരോ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികളുടെ ആനുപാതികാടിസ്ഥാനത്തില്‍   ക്ലാസ്സ്മുറികള്‍, ലൈബ്രറി സംവിധാനം, ലാബുകള്‍,സ്റ്റാഫ് മുറികള്‍, ശുചിമുറികള്‍, എന്നിവ ഒരുക്കുന്നു. പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ നിര്‍വ്വഹണം കേരള സംസ്ഥാന തീരദേശവികസന കോര്‍പറേഷന്‍ മുഖേനയാണ്.  സ്‌കൂളുകളുടെ സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം ഇന്ന് (ജൂലൈ 9)  3 മണിക്ക്  മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈനായി നിര്‍വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്, വിദ്യാഭ്യാസവകുപ്പ് മന്ത്രി. പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഓരോ വിദ്യാലയങ്ങളിലും ഒരുക്കുന്ന ലളിതമായ ചടങ്ങില്‍ സ്ഥലം എം.എല്‍.എ, ജനപ്രതിനിധികള്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് നിര്‍മ്മാണ ഉദ്ഘാടന ചടങ്ങില്‍ പങ്കുചേരും.

ഹരിപ്പാട് മണ്ഡലത്തില്‍ കാര്‍ത്തികപ്പള്ളി ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍-2,0121312  രൂപയും കുട്ടനാട് തകഴി മെമ്മോറിയല്‍ ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ 90,37779-രൂപയും, കുട്ടനാട് വീയപുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍- 1,62,19758 രൂപയും ആര്യാട് നോര്‍ത്ത് ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍-85,13593 രൂപയും അരൂര്‍ കോടംതുരുത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍- 2,99,34373 രൂപയും  ഈ പദ്ധതി വഴി അനുവദിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5994/KIIFB-projects.html

Share
അഭിപ്രായം എഴുതാം