ന്യൂഡല്‍ഹി: പാക്കറ്റുകളിലാക്കാതെയുള്ള ഭക്ഷ്യഎണ്ണകളുടെ ചില്ലറവില്‍പ്പനയ്ക്കെതിരേ കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തിലുള്ള വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ചില്ലറവില്‍പ്പനക്കാര്‍ ഭക്ഷ്യഎണ്ണ പാക്കറ്റുകളിലാക്കാതെ ലൂസായി വില്‍ക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കുന്ന വ്യവസ്ഥകളുടെ ലംഘനമാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
2011ലെ പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമമനുസരിച്ച് ഭക്ഷ്യഎണ്ണകള്‍ പായ്ക്ക് ചെയ്ത് വില്‍ക്കണമെന്നാണ് വ്യവസ്ഥ. ഇത് പാലിക്കുന്നുണ്ടോയെന്ന് അതത് ലീഗല്‍ മെട്രോളജി വകുപ്പ് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നല്‍കിയ കത്തില്‍ പറയുന്നു. ഇതിന് പുറമേ ഭക്ഷ്യഎണ്ണ പുനരുപയോഗിച്ച ടിനിലും പ്ലാസ്റ്റിക്കിലും നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
വ്യാജ എണ്ണ വ്യാപാരം കുറ്റകരം
മായംകലര്‍ന്ന വെളിച്ചെണ്ണയുടെ നിര്‍മാണവും വ്യാപാരവും വ്യാപകമായതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കും. നിരോധിച്ച ബ്രാന്‍ഡുകളും കേരള സര്‍ക്കാര്‍ ബ്രാന്‍ഡായ കേരയുടെ വ്യാജന്മാരും വിണ്ടും വിപണിയില്‍ ഇടംപിടിച്ചതോടെ നിയന്ത്രിക്കാന്‍ മോണിറ്ററിങ് സെല്‍ രൂപീകരിച്ചു. വിപണിയിലുള്ള ബ്രാന്‍ഡുകളുടെ റിപ്പോര്‍ട്ട് അടിയന്തരമായി ശേഖരിക്കാന്‍ ഡെപ്യൂട്ടി- അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
കൊല്ലം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാജ എണ്ണ ഒഴുകുന്നതായാണ് കണ്ടെത്തല്‍. ഒരേ കമ്പനിയില്‍നിന്ന് പല പേരുകളില്‍ വിവിധ ബ്രാന്‍ഡുകള്‍ ഇറക്കുന്ന കമ്പനികളുമുണ്ട്. ക്രമക്കേട് കണ്ടെത്തിയ പല ബ്രാന്‍ഡുകളും പുതിയ പേരുകളില്‍ വീണ്ടും രംഗത്ത് എത്തുകയാണ്. പിടിയിലാവുന്ന കമ്പനികള്‍ പുതിയ പേരുകളില്‍ അതേ എണ്ണ വീണ്ടും വിപണിയില്‍ എത്തിക്കുന്നത് തടയാന്‍ നടപടികള്‍ എടുക്കും. ഒരു കമ്പനി ഒരു പേരില്‍ മാത്രമേ എണ്ണ മാര്‍ക്കറ്റില്‍ ഇറക്കാന്‍ പാടുള്ളൂ.
ഓരോ കമ്പനിയും പ്രവര്‍ത്തനം നടത്തുന്ന ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യണം. ബ്രാന്‍ഡിന്റെ പേര്, ലൈസന്‍സ് നമ്പര്‍, ബ്രാന്‍ഡ് ലേബലിന്റെ പകര്‍പ്പ് എന്നിവയും രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തണം. സംസ്ഥാനത്തിനു പുറത്ത് ഉല്‍പാദിപ്പിക്കുന്ന വെളിച്ചെണ്ണ ആണെങ്കില്‍ ജില്ലയില്‍ വില്‍പ്പന നടത്താന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ അനുമതി വേണം. മറ്റ് ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ ഓരോ ജില്ലയിലും വിതരണംചെയ്യാന്‍ അതത് ജില്ലകളിലെ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ അനുമതി വേണം.
മാസങ്ങള്‍ക്കു മുമ്പ് നൂറോളം വ്യാജ ബ്രാന്റുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍, നിരോധിക്കുന്ന ബ്രാന്‍ഡുകളെ ആജീവനാന്തം നിരോധിക്കാന്‍ സാധിക്കില്ല. ഭക്ഷ്യസുരക്ഷാ മാനദനദണ്ഡങ്ങള്‍ പാലിച്ച് ലാബ് പരിശോധനയും പൂര്‍ത്തിയാക്കി അപേക്ഷ നല്‍കിയാല്‍ നിരോധിച്ച ബ്രാന്‍ഡുകള്‍ക്കുതന്നെ വീണ്ടും അംഗീകാരം നല്‍കും. സംസ്ഥാനത്ത് 42 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്ക് നിരോധനമുണ്ട്.

