ന്യൂഡല്‍ഹി: 262 പൈലറ്റുമാര്‍ വ്യാജ ലൈസന്‍സുകള്‍ കൈവശം വച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ പാകിസ്ഥാനി ജീവനക്കാര്‍ക്കെതിരെ അന്വേഷണം ആരംഭിക്കുകയും തുടര്‍ ഉത്തരവ് വരുന്നതുവരെ സേവനത്തില്‍നിന്ന് വിലക്കുകയും ചെയ്തു. മെയ് 22നുണ്ടായ കറാച്ചി വിമാനാപകടത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് സംശയാസ്പദമായ ലൈസന്‍സുകളുള്ള 150 പൈലറ്റുമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പൈലറ്റുമാരുടെ പിഴവുകളും എയര്‍ ട്രാഫിക് നിയന്ത്രണത്തിലുള്ള അപാകതകളുമാണ് ഈ വിപത്തില്‍ 97 പേരുടെ ജീവനെടുത്തത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.
കുവൈറ്റ് എയര്‍, 7 പാകിസ്ഥാനി പൈലറ്റുമാര്‍ക്കും 56 എഞ്ചിനീയര്‍മാര്‍ക്കും, വിലക്ക് ഏര്‍പ്പെടുത്തി. ഖത്തര്‍ എയര്‍വേയ്‌സ്, ഒമാന്‍ എയര്‍, വിയറ്റ്‌നാം എയര്‍ലൈന്‍സ് എന്നിവയാകട്ടെ പാകിസ്ഥാനി പൈലറ്റ്, എഞ്ചിനീയര്‍, ഗ്രൗണ്ട് ഹാന്‍ഡിലിംഗ് സ്റ്റാഫ് എന്നിവരുടെ പട്ടിക തയ്യാറാക്കി കാത്തിരിക്കുന്നു. ലിസ്റ്റിലുള്ള സ്റ്റാഫ് എല്ലാവരും പാകിസ്താന്‍ അധികൃതരുടെ റിപ്പോര്‍ട്ട് കിട്ടുന്നതു വരെ വിലക്കില്‍ തുടരുമെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (PIA) വിദേശദൗത്യ സംഘങ്ങള്‍ക്കും ആഗോള റെഗുലേറ്ററി സുരക്ഷാ ബോഡികള്‍ക്കും കത്തെഴുതിയിട്ടുണ്ട്.
പിഐഎ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അര്‍ഷാദ് മാലിക് വിമാന സുരക്ഷാ നടപടികളെക്കുറിച്ച് വ്യോമയാന മന്ത്രാലയത്തെ കത്തിലൂടെ അറിയിച്ചു. വ്യോമയാന അതോറിറ്റിയിലെ അഞ്ച് ഉദ്യോഗസ്ഥര്‍ പ്രേരണാകുറ്റത്തിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. 28 പൈലറ്റുമാര്‍ നിയമവിരുദ്ധമായി അക്കാദമിക് ബിരുദം നേടിയതായി ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും പാകിസ്ഥാന്‍ വ്യോമയാന മന്ത്രി ഗുലാം സര്‍വാര്‍ പറഞ്ഞു.
പൈലറ്റുമാരുടെ യോഗ്യതകളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത് 2018ലെ ക്രാഷ് ലാന്‍ഡിംഗിന് ശേഷമാണ്. അപ്പോള്‍ നടത്തിയ ഒരു പരിശോധനയില്‍ ഒരു പൈലറ്റിന്റെ പരീക്ഷ തിയതി അവധി ദിവസത്തിലായിരുന്നു എന്ന തിരിച്ചറിവാണ് വ്യാജ ലൈസന്‍സുകളുടെ സാധ്യതയിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിച്ചത്. ഈ സംഭവം 2019ന്റെ തുടക്കത്തില്‍ 16 പിഐഎ പൈലറ്റുമാരുടെ ജോലി നഷ്ടപ്പെടുത്തി. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കുറഞ്ഞത് 1,500 മണിക്കൂര്‍ വാണിജ്യ പറക്കല്‍ സമയവും എല്ലാ എട്ട് പേപ്പറുകളിലും പാസ്സാകണമെന്ന നിബന്ധനയും പൈലറ്റുമാര്‍ക്ക് പൂര്‍ണ യോഗ്യത നേടുന്നതിനായി കല്പിക്കുന്നുണ്ട്.