ലഡാക്: ഗാലവൻ താഴ്വര ഇന്ത്യയുടേതാണ് ആരെയും എന്തിനെയും നേരിടാൻ രാജ്യം തയ്യാറാണ്. അതിർത്തിയിൽ നിമ സൈനിക ക്യാമ്പിൽ കര-വ്യോമസേനകളുടെയും ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിന്റേയും ജവാന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അപ്രതീക്ഷിതമായാണ് അതിർത്തിയിൽ പ്രധാനമന്ത്രി സന്ദർശനത്തിന് എത്തിയത്. ശ്രീനഗറിൽ നിന്നും ലെ-യിൽ എത്തിയ അദ്ദേഹം ഹെലികോപ്റ്ററിൽ ആണ് സമുദ്രനിരപ്പിൽ നിന്നും ഉം 11000 അടി ഉയരത്തിലുള്ള നിമയിൽ എത്തിയത്. ഗാലവൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജവാന്മാരെ അദ്ദേഹം അതിനുമുമ്പ് സന്ദർശിച്ചു.ചൈനീസ് അതിർത്തിയിലെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയ സൈനികരെ പ്രകീർത്തിച്ചു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. അദ്ദേഹത്തിൻറെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
രാജ്യത്തിൻറെ എല്ലാ ദിക്കുകളിലും ഉള്ള ഭാരതീയർ സൈന്യത്തിൻറെ കൈകളിൽ വിശ്വാസം അർപ്പിക്കുന്നു. സൈന്യത്തിൻറെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതാണ്. ഈ മണ്ണിൻറെ വീരന്മാരാണ് ഇന്ത്യൻ സൈനികർ. രാജ്യത്തിനുവേണ്ടി ജീവൻ ബലി നൽകിയ സൈനികരെയും അവരെ പ്രസവിച്ച മാതാക്കളെയും ആദരപൂർവം ഓർമ്മിക്കുന്നു. ഗാൽവൻ താഴ്വര ഇന്ത്യയുടേതാണ്. ആരെയും എന്തിനെയും നേരിടുവാൻ രാജ്യം സജ്ജമാണ്. എന്തിനേയും നേരിടാൻ തയ്യാറായ രാഷ്ട്ര ഭക്തരുടെ നാടാണ് ഭാരതം. ഭൂമി വെട്ടിപ്പിടിച്ചു മുന്നേറുന്ന യുഗം അവസാനിച്ചു. ഇത് സാമൂഹികവികാസത്തിന്റെ യുഗമാണ്. ദുർബലനായാൽ സമാധാനം ഉറപ്പാക്കാൻ ആകില്ല. രാജ്യസുരക്ഷക്ക് പുതിയ ആയുധങ്ങൾ വികസിപ്പിക്കും. സൈന്യത്തിൻറെ ദൃഢനിശ്ചയം മറികടക്കാൻ ആർക്കും കഴിയില്ല. ലോകത്തിന് വ്യക്തമായ സന്ദേശമാണ് ഇന്ത്യൻ സൈന്യം നൽകിയത്. ലോകത്തിനു മുമ്പിൽ എല്ലാ ഭാരതീയരുടെയും അഭിമാനം ഉയർത്തിപ്പിടിച്ചു ഇന്ത്യൻ സേന. ശത്രുവിനെ അവർ പാഠം പഠിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷയെ പറ്റി ആലോചിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് രണ്ട് അമ്മമാരാണ്. ഒന്നാമത്തേത് ഭാരത് മാത. രണ്ടാമത്തേത് രാഷ്ട്രത്തിനു വേണ്ടി പൊരുതുന്ന സൈനീകരെ പ്രസവിക്കാന്‍ ഭാഗ്യം ലഭിച്ച നിങ്ങളുടെ ഓരോരുത്തരുടേയും അമ്മ. ഈ രണ്ട് അമ്മമാരേയും സൈനികരായ നിങ്ങൾ മനസ്സിൽ ഓർമിക്കണം. രണ്ടുപേരുടെയും രക്ഷ ഉറപ്പാക്കണം.പുല്ലാങ്കുഴൽ വായിക്കുന്ന കൃഷ്ണനും സുദർശനമേന്തിയ കൃഷ്ണനും നമ്മുടെ മനസ്സിലുണ്ട്. ശ്രീബുദ്ധൻ പഠിപ്പിച്ചത് ധീരത കരുണയാണ് എന്നാണ്. ദുർബലനായാല്‍ സമാധാനം ഉറപ്പാക്കാൻ ആവില്ല. സമാധാനത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകത്തിനുമുഴുവൻ അറിയാവുന്നതാണ്. നരേന്ദ്രമോഡി പറഞ്ഞു.

