ബദിയടുക്ക: വാക്കുതര്‍ക്കത്തിനിടെ പഞ്ചായത്ത് സെക്രട്ടറി യുഡി ക്ലാര്‍ക്കിന്റെ മുഖത്ത് തുപ്പി. യുഡി ക്ലാര്‍ക്ക് കൊല്ലം സ്വദേശി രാജ്മോഹനാണ് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യമുണ്ടാക്കുന്ന വിധം പഞ്ചായത്ത് സെക്രട്ടറി പ്രദീപന്‍ തന്റെ ദേഹത്ത് തുപ്പിയെന്നാണ് രാജ്മോഹന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കെ സെക്രട്ടറിക്ക് പനി ബാധിച്ചു. ഇതോടെ സെക്രട്ടറിയുടെ സാംപിള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്കയച്ചു. സെക്രട്ടറി കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് ക്ലാര്‍ക്ക് ബദിയടുക്ക പിഎച്ച്സിയില്‍ ചികിത്സ തേടിയിരുന്നു.
ബദിയടുക്ക പഞ്ചായത്തില്‍ അനുമതിയില്ലാത്ത അവധിയെടുത്ത രണ്ട് ജീവനക്കാര്‍ക്ക് മെമ്മോ നല്‍കാന്‍ രാജ്‌മോഹനെ സെക്രട്ടറി ചുമതലപ്പെടുത്തി. നോട്ടീസിലെ വാചകങ്ങള്‍ വായിച്ചിട്ട് മനസിലാവുന്നില്ലെന്നു പറഞ്ഞ് രാജ്മോഹന്‍ മെമ്മോ അവര്‍ക്കു കൈമാറിയില്ല.
ഇതില്‍ പ്രകോപിതനായ സെക്രട്ടറി രാജ്മോഹനെതിരേ നടപടിയെടുക്കുന്നതിന് യോഗം ചേരണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നല്‍കി. പഞ്ചായത്ത് ഭരണസമിതി യോഗം ബുധനാഴ്ച ചേരേണ്ടതായിരുന്നെങ്കിലും നടന്നില്ല. ഇതിനിടെ നോട്ടീസിനെ ചൊല്ലി സെക്രട്ടറിയും രാജ്മോഹനും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സെക്രട്ടറി രാജ്മോഹന്റെ ദേഹത്ത് തുപ്പുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി. പരാതിയില്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു.