ഇടുക്കി : ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓര്‍മപ്പെടുത്തല്‍ സാധൂകരിച്ചുകൊണ്ട് ജനങ്ങളുടെ പരാതികള്‍ക്കു ഓണ്‍ലൈനില്‍ പരിഹാരം തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ സഫലം ഓണ്‍ലൈന്‍ അദാലത്ത് വിജയകരമായി.
തൊടുപുഴ, ഉടുമ്പന്‍ചോല താലൂക്കുകളിലെ അപേക്ഷകരുടെ പരാതികളാണ് ഇന്നലെ (02) തീര്‍പ്പാക്കിയത്. ജില്ലാ കളക്ടറുടെ ചേംബറില്‍ ഹാജരായിരുന്ന വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് കളക്ടറേറ്റില്‍ അദാലത്ത് സംഘടിപ്പിച്ചത്. തൊടുപുഴ താലൂക്കിലെ പരാതികള്‍ക്ക് ജില്ലാ കളക്ടറും ഉടുമ്പന്‍ചോല താലൂക്കിലെ പരാതികള്‍ക്ക് എഡിഎം ആന്റണി സ്‌കറിയയും തീര്‍പ്പാക്കി. അപേക്ഷകര്‍ അതത് വില്ലേജ് ഓഫീസുകളില്‍ ഹാജരായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കളക്ടറുമായി സംവദിച്ചത്. അതിനായി എല്ലാ വില്ലേജ് ഓഫീസുകളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ഒരുക്കിയിരുന്നു. നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്റര്‍ തയ്യാറാക്കിയ tthps://rsvkvc.nic.in/ എന്ന വെബ് സൈറ്റ് വഴിയാണ് ഇത് സാദ്ധ്യമാക്കിയത്. കൂടാതെ തഹസീല്‍ദാര്‍മാരും വീഡിയോ കോണ്‍ഫറന്‍സ് വഴി ഇതില്‍ പങ്കെടുത്തു. എന്‍.ഐ.സി., കേരളാ സ്റ്റേറ്റ് ഐ.റ്റി.മിഷന്‍, റവന്യൂ ഐ.റ്റി.സെല്‍ എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയത്.
മഹാമാരി മൂലം നേരിട്ട് കാണാന്‍ സാധിക്കാത്ത പരാതിക്കാര്‍ക്ക് ഉപകാര പ്രദമായ സംവിധാനം തുടര്‍ന്നും നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.തൊടുപുഴ താലൂക്കില്‍ നിന്ന് 76 പരാതികളാണ് ആകെ ലഭിച്ചത്. 46 പരാതിക്കാരാണ് അദാലത്തില്‍ പങ്കെടുത്തത്. ഇവരുടെ പരാതിയില്‍ രണ്ടാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തികരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പരാതിക്കാര്‍ എത്താതിരുന്ന ബാക്കി പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റവന്യു വകുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. വസ്തു അതിര്‍ത്തി തര്‍ക്കം, പട്ടയപ്രശ്‌നം, സര്‍വ്വേറീസര്‍വ്വേ നടപടികളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികള്‍ ലഭിച്ചത്. റവന്യൂ വകുപ്പില്‍ കിട്ടിയ 19 പട്ടയ അപേക്ഷകളില്‍ സ്ഥലം സന്ദര്‍ശിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
റവന്യുവകുപ്പുമായി ബന്ധപ്പെട്ട് 55 പരാതികളും ഇതില്‍ 48 എണ്ണം വില്ലേജ് ഓഫീസുകള്‍ വഴിയും ഏഴെണ്ണം താലൂക്ക് ഓഫീസിലുമാണ് ലഭിച്ചത്. പഞ്ചായത്ത് 12, സിവില്‍ സപ്ലൈസ് 1, ലൈഫ്മിഷന്‍ 4,സര്‍വ്വേ റെക്കോര്‍ഡ്‌സ് 1, പോലീസ് 1, എംപ്ലോയ്‌മെന്റ് 1, മുനിസിപ്പാലിറ്റി 1 എന്നിങ്ങനെയാണ് ലഭിച്ച പരാതികള്‍.
തൊടുപുഴ താലൂക്കിലെ വിവിധ വില്ലേജുകളില്‍ നന്നായി 48 പരാതികളാണ് ലഭിച്ചത്. ലഭിച്ച പരാതികള്‍ വില്ലേജ് അടിസ്ഥാനത്തില്‍: തൊടുപുഴ 7, മണക്കാട് 6, പുറപ്പുഴ 1, വണ്ണപ്പുറം 1, കുടയത്തൂര്‍ 1, ഉടുമ്പന്നൂര്‍ 13, കോടിക്കുളം 5, കുമാരമംഗലം 1, നെയ്യശ്ശേരി 7, വെള്ളിയാമറ്റം 2, മുട്ടം 2, അറക്കുളം 1, കരിമണ്ണൂര്‍ 1. തൊടുപുഴ താലൂക്ക് ഓഫീസില്‍ തഹസില്‍ദാര്‍ വി.ആര്‍. ചന്ദ്രന്‍ പിള്ള അദാലത്തിന് നേതൃത്വം നല്‍കി.
ഉടുമ്പന്‍ചോല താലൂക്കിലെ രണ്ടാം ഘട്ട പരാതി പരിഹാര അദാലത്തില്‍ ഓണ്‍ലൈനിലൂടെ ലഭിച്ച 63 പരാതികളും പരിഗണിച്ചു. ഇതില്‍ 21 പരാതിക്കാരാണ് താലൂക്ക് ഓഫീസില്‍ എത്തിയത്. അദാലത്തില്‍ പങ്കെടുക്കാതിരുന്നവര്‍ക്ക് പരാതിയിന്‍ മേല്‍ സ്വീകരിച്ച നടപടി ഓണ്‍ലൈനായി അറിയുവാന്‍ കഴിയും.ഉടുമ്പന്‍ചോല താലൂക്കില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 47 പരാതികളും, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട് 16 പരാതികളുമുണ്ടായിരുന്നു. വസ്തു അതിര്‍ത്തി തര്‍ക്കം, പട്ടയപ്രശ്‌നം, സര്‍വ്വേറീസര്‍വ്വേ നടപടികളിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും പരാതികള്‍ ലഭിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ച സര്‍വ്വേറീസര്‍വ്വേ നടപടികള്‍ പുനരാരംഭിച്ച് അത്തരം പരാതികളില്‍ തുടര്‍ നടപടി സ്വീകരിക്കാനും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ഉടുമ്പന്‍ചോല താലൂക്ക് ഓഫീസില്‍ തഹസില്‍ദാര്‍ നിജു കുര്യന്‍ അദാലത്തിന് നേതൃത്വം നല്‍കി.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5811/Online-adalat.html