കോട്ടയം: സോഷ്യല്‍ മീഡിയ പോസ്റ്റിന് കമന്റ് എഴുതിയതിന് തട്ടിക്കൊണ്ടുപോയി കഠിനമായി മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയ്മനം മങ്കിഴപടിയില്‍ വിനീത് സഞ്ജയനെ (32) ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ രണ്ടുപേര്‍ പൊലീസില്‍ കീഴടങ്ങി. പാറോലിക്കല്‍ കവലയ്ക്കു സമീപം ബന്ധുവീട്ടില്‍ താമസിച്ചിരുന്ന ഫൈസലിനാണ് (24) മര്‍ദനമേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടികട്ടകൊണ്ട് മര്‍ദനമേറ്റ ഫൈസലിന്റെ മുഖത്തും പുറത്തും രക്തം കട്ടപിടിച്ചുകിടക്കുന്ന പാടുകളുണ്ട്.
കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ വന്ന പോസ്റ്റിന് കമന്റ് എഴുതിയതാണ് ആക്രമണത്തിന് കാരണം. തട്ടിക്കൊണ്ടുപോയ ഫൈസലിനെ വിനീതിന്റെ വീട്ടിലെത്തിച്ച് മര്‍ദിക്കുകയായിരുന്നു. അവശനിലയില്‍ വിനീതിന്റെ വീട്ടില്‍ കിടന്ന ഫൈസലിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് വിനീത്.