തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആരംഭിക്കുന്ന പെട്രോള്‍ പമ്പ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ഉദ്ഘാടനം ജൂലൈ അവസാനം നടത്തുമെന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍ എസ് നിര്‍മ്മലാനന്ദന്‍ നായര്‍ പറഞ്ഞു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലി നോടനുബന്ധിച്ച് പാടൂക്കാട് ദീപ തിയറ്ററിന് എതിര്‍വശത്താണ് പമ്പ് പ്രവര്‍ത്തിക്കുക. കഴിഞ്ഞ ജനുവരി 18ന് കൃഷി വകുപ്പ് മന്ത്രി ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ലോക്ഡൗണ്‍ കാരണം കാലതാമസം നേരിട്ടു. ഇപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയാക്കി. ജനറേറ്റര്‍, സിസിടിവി തുടങ്ങിയവ സ്ഥാപിക്കുന്ന ജോലികള്‍ ആണ് അവശേഷിക്കുന്നത്. ഡീസല്‍, പെട്രോള്‍ എന്നിവ തുടക്കത്തില്‍ ലഭ്യമായിരിക്കും. ഭാവിയില്‍ സി.എന്‍.ജിയും ലഭ്യമാക്കും.
പെട്രോള്‍ പമ്പിന്റെ നടത്തിപ്പ് ജയില്‍ വകുപ്പിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പമ്പുകളില്‍ പകലും രാത്രിയും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളുമുണ്ടാകും. ജയിലില്‍ തയ്യാറാക്കുന്ന ഭക്ഷണം ചുരുങ്ങിയ വിലയില്‍ ഇവിടെ ലഭ്യമാകും. സംസ്ഥാനത്തെ നാല് ജയിലുകളില്‍ പെട്രോള്‍പമ്പുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5703/Viyyur-jail-petrol-pump.html