മലപ്പുറം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല കയറിയ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയാണ് വിവാഹമോചിതയായത്. മലകയറിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമായി മാസങ്ങളായി ശക്തമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയായിരുന്നു. അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുമായി വിവാഹമോചനമെന്ന് കനകദുര്‍ഗ പറഞ്ഞു.
വിവാഹമോചനവുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ മുഖേന ഇരുവരും കരാര്‍ ഉണ്ടാക്കിയിരുന്നു. കരാര്‍പ്രകാരം വീട് കൃഷ്ണനുണ്ണിക്കും മക്കള്‍ക്കുമായി ഒഴിഞ്ഞുകൊടുത്തു. തുടര്‍ന്ന് പെരിന്തമണ്ണയിലെ ഫ്‌ലാറ്റിലേക്ക് താമസം മാറി. ശബരിമലയില്‍ പ്രവേശനം നടത്തിയതിനാല്‍ ഭര്‍ത്താവും ഭര്‍തൃമാതാവുമായി തെറ്റിയിരുന്നു. വീട്ടില്‍ കയറാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കനകദുര്‍ഗ നിയമനടപടി സ്വീകരിച്ചു. ഇതോടെ കൃഷ്ണനുണ്ണി കുട്ടികളുമായി മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തര്‍ക്കങ്ങളും നിയമനടപടികളും കാരണം യോജിച്ചുപോകാന്‍ കഴിയാതെ വന്നതിനാലാണ് ഇരുവരും കൂടിയാലോചിച്ച് വിവാഹമോചനം നടത്താന്‍ തീരുമാനിച്ചത്.