കൊച്ചി: പൂജ നടത്തി രോഗം മാറ്റാമെന്ന് അമ്മയെയും മകളെയും ധരിപ്പിച്ച് ഒരുകോടി രൂപ തട്ടിയെടുത്ത 19കാരന് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ അമ്മയെയും മകളെയും കബളിപ്പിച്ച കാസര്‍കോട് കാഞ്ഞങ്ങാട് ആനന്ദാശ്രമം പൊട്ടന്‍കുളത്ത് അലക്സിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയും മകളും പാലാരിവട്ടം വൈഎംസിഎയില്‍ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്നു. ഈ സമയത്ത് പ്രതിയായ അലക്സ് അവിടെ റൂം ബോയ് ആയി ജോലി ചെയ്തിരുന്നു. പരാതിക്കാരിക്ക് ഹൃദയസംബന്ധമായി ചില അസുഖങ്ങള്‍ ഉണ്ടായിരുന്നു. അസുഖത്തിന്റെ വിവരവും മറ്റും മനസ്സിലാക്കിയ പ്രതി തനിക്ക് അസുഖം മാറ്റാനുള്ള പ്രത്യേക പൂജ അറിയാമെന്ന് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി ഒമ്പതുലക്ഷം രൂപ ഇതിന്റെ ഫീസായി ആദ്യംതന്നെ ഇയാള്‍ വാങ്ങിയെടുത്തു. പിന്നീട് പല തവണയായി ഇയാള്‍ 16 ലക്ഷം രൂപ കൈവശപ്പെടുത്തി. പിന്നീട് പ്രതി പരാതിക്കാരിയുടെ മകളെ വിളിച്ചുവരുത്തി ഇനിയും കൂടുതല്‍ പൂജാകര്‍മങ്ങള്‍ ചെയ്തില്ലെങ്കില്‍ പരാതിക്കാരിക്ക് മരണം സംഭവിക്കുമെന്നും കൂടുതല്‍ പണം വേണമെന്നും പറഞ്ഞ് മകളുടെ കൈവശമുണ്ടായിരുന്ന എടിഎം കാര്‍ഡ് തട്ടിയെടുത്തു. ഈ എടിഎം കാര്‍ഡ് ഉപയോഗിച്ച് 45 ലക്ഷത്തോളം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചു. കൂടുതല്‍ പണം വേണമെന്ന് പ്രതി ഇവരോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തുടര്‍ന്നാണ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തട്ടിയെടുത്ത പണമുപയോഗിച്ച് അലക്സ് പാനായികുളത്ത് ഒരു വീടും ആഡംബര ബൈക്കും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈല്‍ ഫോണും വാങ്ങിയിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന മുന്തിയ ഇനം വളര്‍ത്തുനായയെയും സ്വന്തമാക്കി. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

