പാലക്കാട്: മീങ്കര ഡാം കാണാനെത്തിയ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷം തടവും ലക്ഷം രൂപ പിഴയും. തമിഴ്‌നാട് ആളിയാര്‍ സ്വദേശി ശരവണകുമാറിനെ പാലക്കാട് പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്.
2018 ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണക്കെട്ട് കാണാന്‍ സുഹൃത്തായ ആണ്‍കുട്ടിക്കൊപ്പമെത്തിയതായിരുന്നു പെണ്‍കുട്ടി. ശരവണകുമാര്‍ താന്‍ ഡാമിലെ സെക്യൂരിറ്റി ജീവനക്കാരനാണെന്നു പറഞ്ഞ് സുഹൃത്തിനെ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. പിന്നീട് വലിയ ചള്ളത്തുവച്ച് പെണ്‍കുട്ടി യാത്രചെയ്ത ബസ്സില്‍നിന്ന് നിര്‍ബന്ധിച്ച് ഇറക്കിയശേഷം തൊട്ടടുത്ത കാട്ടിലേക്കു കൊണ്ടുപോയി പീഡനം നടത്തി. പീഡനത്തിനുശേഷം പെണ്‍കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും കവര്‍ന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ കൊല്ലങ്കോട് പോലീസ് തമിഴ്‌നാട് ആളിയാര്‍ സ്വദേശിയായ ശരവണകുമാറിനെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകളിലായി 33 വര്‍ഷത്തെ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് പോക്‌സോ കേസ് ജഡ്ജി മുരളീകൃഷ്ണന്‍ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവ് അനുഭവിക്കണം.

