ന്യൂഡല്‍ഹി: യുപി സര്‍ക്കാരിന്റെ ഭീഷണിയ്‌ക്കെതിരേ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. അവര്‍ക്ക് എന്ത് നടപടിയും സ്വീകരിക്കാം, ഞാന്‍ സത്യം മുന്നോട്ടു വയ്ക്കുക തന്നെ ചെയ്യും. ഞാന്‍ ഇന്ദിരാഗാന്ധിയുടെ ചെറുമകളാണ്, ചില പ്രതിപക്ഷ നേതാക്കളെപ്പോലെ അപ്രഖ്യാപിത ബിജെപി വക്താവല്ല,’ എന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.
യുപിയിലെ ആഗ്ര ജില്ലയില്‍ മരണസംഖ്യ കൂടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആഗ്ര ജില്ല ഭരണകൂടം പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പ്രിയങ്കയുടെ ട്വീറ്റ്.
സത്യം വിളിച്ചു പറയുന്നതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവിധ വകുപ്പുകളിലൂടെ ഭീഷണിപ്പെടുത്തുകയാണ്. ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍, എന്റെ കടമ ഉത്തര്‍പ്രദേശിലെ ജനങ്ങളോടാണ്. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും സത്യം അവര്‍ക്കു മുന്നില്‍ തുറന്നു കാട്ടുകയുമാണ് എന്റെ കര്‍ത്തവ്യം. അല്ലാതെ സര്‍ക്കാരിനുവേണ്ടി പ്രചാരണം നടത്തുകയല്ലെന്നും പ്രിയങ്ക വ്യക്തമാക്കി.