ലോക്ക്ഡൗണ്‍ കാലത്തെ ഇലക്ട്രിസിറ്റി ബില്ലിന് സര്‍ക്കാര്‍ നല്‍കിയ 200 കോടി രൂപയുടെ സബ്‌സിഡിയ്ക്ക് കെ എസി ഇ ബി അംഗീകാരം നല്‍കി.

ലോക്ക്ഡൗണ്‍ കാലത്ത് ഇലക്ട്രിസിറ്റി ബില്ല് വര്‍ദ്ധിച്ചതിന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വൈദ്യുതി സബ്‌സിഡിയ്ക്ക് കെഎസ്ഇബി ബോര്‍ഡ് അംഗീകാരംനല്‍കി. സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തിയ ശേഷം ആദ്യത്തെ ബില്ലില്‍ തന്നെ സബ്‌സിഡി ലഭിക്കും. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ബില്ലുകള്‍ക്കാണ് സബ്‌സിഡി. വൈദ്യുതി ബില്‍ അടയ്ക്കാന്‍ അഞ്ച് തവണകള്‍ വരെ അനുവദിക്കും.

പിഴയില്ലാതെ അടയ്ക്കുന്നതിന് കെഎസ്ഇബി മെയ് 16 വരെയായിരുന്നു സമയം തന്നിരുന്നത്. അത് ഡിസംബര്‍ 31 വരെ നീട്ടി.
ഈ ആനുകൂല്യം ലോക്ക്ഡൗണ്‍ കാലത്തെ എല്ലാ ബില്ലുകള്‍ക്കും ബാധകമാണ്. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് അടയ്ക്കുന്നതിനുള്ള സമയം ഡിസംബര്‍ 15 വരെ നീട്ടി.

സബ്‌സിഡി താഴെ പറയുന്ന പ്രകാരം

  1. 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് ബില്‍ അടയ്‌ക്കേണ്ടതില്ല.
  2. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉണ്ടെങ്കില്‍ യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തിലുള്ളവരുടെ വൈദ്യുതി ഉപയോഗം എത്രയായാലും ഒന്നര രൂപ നിരക്കില്‍ മാത്രമേ അടയ്‌ക്കേണ്ടത് ഉള്ളൂ.
  3. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗം ഉണ്ടായ ബില്‍ തുക വര്‍ധനവിന് പകുതി സബ്‌സിഡി നല്‍കും.
  4. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗം ഉണ്ടായ ബില്‍ തുകയുടെ വര്‍ധനവിന്റെ 30 ശതമാനം സബ്‌സിഡി ലഭിക്കും.
  5. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗം മൂലമുണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിനെ 25 ശതമാനം ആയിരിക്കും സബ്‌സിഡി.
  6. പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്റെ 20 ശതമാനം സബ്‌സിഡി നല്‍കും.
Share
അഭിപ്രായം എഴുതാം