ന്യൂഡല്‍ഹി: പാകിസ്ഥാനിലെ മുപ്പത് ശതമാനത്തിലധികം പൈലറ്റുമാരും വ്യാജ ലൈസന്‍സുള്ളവരെന്ന് പാക് വ്യോമായന മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍. പണം നല്‍കിയാണ് ലൈസന്‍സ് വാങ്ങിയവരാണിവരെന്നും അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലാണ് മന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ 260ല്‍ കൂടുതല്‍ പൈലറ്റുമാര്‍ അയോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആഭ്യന്തര സര്‍വീസുകളിലായി 850ല്‍ കൂടുതല്‍ പൈലറ്റുമാരാണ് പാകിസ്ഥാനിലുള്ളത്.
പാകിസ്താനില്‍ കഴിഞ്ഞ മാസം 100 പേരുടെ ജീവനെടുത്ത, തകര്‍ന്നു വീണ വിമാനത്തിലെ പൈലറ്റുമാര്‍ യാത്രയില്‍ ഉടനീളം സംസാരിച്ചത് കോവിഡ് വ്യാപനത്തെപ്പറ്റിയായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മന്ത്രി വെളിപ്പെടുത്തിയിരുന്നു.പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രണ്ട് പൈലറ്റുമാരും എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും അതാണ് 97 പേര്‍ മരിക്കാനിടയാക്കിയ ദുരന്തത്തിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളാണ് വ്യോമയാന മന്ത്രി പാക് പാര്‍ലമെന്റിനെ അറിയിച്ചത്. പൈലറ്റുമാര്‍ ജോലിയില്‍ ശ്രദ്ധാലുക്കളായിരുന്നില്ല എന്നാണ് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ലാന്‍ഡിങ്ങിന് തയ്യാറെടുക്കുമ്പോള്‍ പോലും വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പിഴവുള്ളതായി പൈലറ്റ് സൂചന നല്‍കിയിട്ടില്ല. റണ്‍വേയ്ക്ക് 16 കിലോമീറ്റര്‍ അടുത്തെത്തിയപ്പോഴും വിമാനം 7220 അടി ഉയരത്തിലായിരുന്നു. 2500 അടി ഉയരത്തിലാണ് ഈ ഘട്ടത്തില്‍ പറക്കേണ്ടത്.എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റുമാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അവയെല്ലാം അവഗണിക്കപ്പെട്ടു. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പും മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അപ്പോഴും പൈലറ്റുമാര്‍ കോവിഡിനെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് പാക് മന്ത്രി അവകാശപ്പെടുന്നത്. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 വിമാനം മെയ് 22-നാണ് ലാഹോറിന് സമീപമുള്ള ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്.