ദുബയ്: ഗള്‍ഫില്‍ മോഷണശ്രമത്തിനിടെ ഇന്ത്യന്‍ ദമ്പതികള്‍ കുത്തേറ്റുമരിച്ചു. ഹിരന്‍ ആദിത്യ, ഭാര്യ വിധി ആദിത്യ എന്നിവരാണു മരിച്ചത്. 50ല്‍ താഴെയാണ് ഇരുവര്‍ക്കും പ്രായം. കുത്തുകൊണ്ട് കഴുത്തില്‍ പരിക്കേറ്റെങ്കിലും മകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ പാകിസ്താന് സ്വദേശിയെ ദുബയ് പൊലീസ് അറസ്റ്റ് ചെയ്തു. ഗള്‍ഫില്‍ കമ്പനിയില്‍ എക്സിക്യൂട്ടീവ് മാനേജരായി ജോലിചെയ്യുന്ന ഹിരണ്‍ ആദിത്യയുടെ ദുബയിലെ വില്ലയില്വച്ചാണ് കഴിഞ്ഞ വ്യാഴാഴ്ച സംഭവം നടന്നത്.
രാത്രിയില്‍ വീട് കുത്തിത്തുറന്ന് അകത്തുകയറിയ പ്രതി ബാഗ് തുറന്ന് അതിലുണ്ടായിരുന്ന 41,229 രൂപ എടുത്തു. തുടര്‍ന്ന് കൂടുതല്‍ വിലപ്പിടിപ്പുള്ള സാധനങ്ങള്‍ എടുക്കാനുള്ള ശ്രമത്തിനിടെ ശബ്ദംകേട്ട് ഹിരണ്‍ എഴുന്നേറ്റു. ഉടന്‍ പാകിസ്താനി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ശബ്ദംകേട്ട് എഴുന്നേറ്റുവന്ന ഭാര്യ വിധി ആദിത്യയെയും പ്രതി കുത്തി.
ഈ സമയം അടുത്തമുറിയില്‍ ഉറങ്ങുകയായിരുന്ന 18കാരിയായ മകള്‍ ഉണര്‍ന്ന് എണീറ്റുവന്നു. അപ്പോള്‍ മകളേയും പാകിസ്താനി ആക്രമിച്ചതായി ദുബയ് പൊലീസ് പറയുന്നു. പരിക്കേറ്റ മകള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെനിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.

