20 ലക്ഷം ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍

20 ലക്ഷം ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ഉത്തരകൊറിയയിലെ കുപ്രസിദ്ധ സൈബര്‍ ഹാക്കര്‍മാര്‍ ഗ്രൂപ്പായ ലസാറസ്. ഇന്ത്യയ്ക്കു പുറമെ സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ 50 ലക്ഷത്തിലേറെ പേരെയും ഇവര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് സെഡ് ഡി നെറ്റ് വെള്ളിയാഴ്ച(19-06-20) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2017 ലെ വാന്നാക്രൈ റാന്‍സം വെയര്‍ ആക്രമണത്തിലൂടെ ലോകത്താകമാനം കുപ്രസിദ്ധരായ ഹാക്കര്‍ സംഘമാണ് ലസാറസ്. ലസാറസ് ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത് ഉത്തരകൊറിയയുടെ ഇന്റലിജന്‍സ് ബ്യൂറോയാണ്. നേരത്തേയും സംഘം ഇന്ത്യയ്‌ക്കെതിരേ ആക്രമണം നടത്തിയിട്ടുണ്ട്.

2014-ല്‍ സോണി പിക്ച്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റിനെതിരേ നടന്ന സൈബര്‍ ആക്രമണം, 2017-ല്‍ നടന്ന വാനാക്രൈ റാന്‍സംവേര്‍ ആക്രമണം എന്നിവയ്ക്കു പിന്നില്‍ ലസാറസ് ഗ്രൂപ്പാണെന്നാണു സൈബര്‍ സുരക്ഷാ രംഗത്തുള്ളവര്‍ വിശ്വസിക്കുന്നത്.

ജപ്പാനില്‍ നിന്നുള്ള 11 ലക്ഷം പേരുടേയും ഇന്ത്യയില്‍ നിന്നുള്ള 20 ലക്ഷം പേരുടേയും യുകെയിലെ 180,000 വാണിജ്യ സ്ഥാപനങ്ങളുടെ കോണ്‍ടാക്റ്റുകളും കൈവശമുണ്ടെന്നാണ് ലസാറസ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നത്. കോവിഡ് 19 വിഷയമാക്കിയുള്ള ഇമെയില്‍ ഫിഷിങ് ആക്രമണമാവും നടക്കുക. ഇമെയില്‍ സന്ദേശങ്ങളിലൂടെ വ്യാജവെബ്സൈറ്റുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുകയും വ്യക്തി വിവരങ്ങളും, സാമ്പത്തിക വിവരങ്ങളും കൈക്കലാക്കുകയുമാണ് ഇവര്‍ ചെയ്യുകയെന്നും സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനം സൈഫര്‍മ പറഞ്ഞു.

വര്‍ഷങ്ങളായി, ലോകത്തിന്റെ വിവിധയിടങ്ങളില്‍ അരങ്ങേറുന്ന സൈബര്‍ ആക്രമണ പരമ്പരയ്ക്ക് ഉത്തരകൊറിയയുമായി ബന്ധമുണ്ടായിരുന്നു. ഒന്നുകില്‍ സൈബര്‍ രംഗത്തുള്ള കഴിവ് പ്രകടിപ്പിക്കുന്നതിനു വേണ്ടിയോ അല്ലെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുന്നതിനോ വേണ്ടിയാണ് ഉത്തര കൊറിയ സൈബര്‍ ആക്രമണം നടത്തുന്നതെന്നാണു സൈബര്‍ രംഗത്തുള്ള സുരക്ഷാ വിദഗ്ധര്‍ പറയുന്നത്.

Share
അഭിപ്രായം എഴുതാം