കൊറോണ വൈറസ് വായുവിലൂടെ പകരുന്നുവെന്ന് അവകാശപ്പെടുന്ന പഠനം പിന്‍വലിക്കണമെന്ന് ഒരു കൂട്ടം ഗവേഷകര്‍. 40ലധികം ഗവേഷകര്‍ ഒപ്പിട്ട കത്തിലാണ് ഈ ആവശ്യമുള്ളത്. പിഎന്‍എഎസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടാണ് പിന്‍വലിക്കണമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ അടക്കുള്ള ഗവേഷകരുടെ ആവശ്യം. വായുവിലൂടെ കൊറോണ പടരുമെന്ന അവകാശപ്പെടുന്ന പഠനത്തിന്റെ രീതികളോടുള്ള അഭിപ്രായ വ്യത്യാസമാണ് ഗവേഷകര്‍ കത്തില്‍ വ്യക്തമാക്കുന്നത്.
ഇതിന് ചില ഉദാഹരണങ്ങളും കത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്. അതിലൊന്ന് ഏപ്രില്‍ 3ന് ന്യൂയോര്‍ക്ക് നഗരത്തിലും യുഎസിലും ഉണ്ടായ സാഹചര്യങ്ങളെ കുറിച്ചുള്ളതാണ്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 17ന് ശേഷമാണ് ഇരു സ്ഥലത്തും മാസ്‌ക് അടക്കമുള്ള കാര്യങ്ങള്‍ നിര്‍ബന്ധമാക്കുന്നത്. അമേരിക്കയിലേത് പോലെ തന്നെ ഇറ്റലി, വുഹാന്‍ എന്നിവിടങ്ങളിലും പല സമയത്താണ് നിയന്ത്രണങ്ങള്‍ വന്നത്. ഈ സ്ഥലങ്ങളിലെയെല്ലാം വ്യത്യസ്ത സാഹചര്യമോ, നിയന്ത്രണങ്ങളോ ഒന്നും പരിഗണിക്കാതെയാണ് കൊറോണ വായുവിലൂടെ പടരുന്നുവെന്ന പഠനം വന്നിരിക്കുന്നത്. ജനസംഖ്യാശാസ്ത്രം, പൊതുനയങ്ങള്‍, വുഹാന്‍, ഇറ്റലി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ആളുകളുടെ സമ്പര്‍ക്ക സ്വഭാവങ്ങള്‍ എന്നിവ തുല്യമായി കണക്കാക്കുന്നുവെന്നും ഇത് അനുചിതമാണെന്നും ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.ഇത്തരത്തില്‍ മാസ്‌കുകള്‍ ഫലപ്രദമായ പൊതുജനാരോഗ്യ നടപടിയാണെങ്കിലും, ഈ പഠനത്തില്‍ അവതരിപ്പിച്ച അവകാശവാദങ്ങള്‍ അപകടകരമാംവിധം തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും തെളിവുകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
അതേസമയം, വായു മലിനീകരണം രൂക്ഷമായ പ്രദേശങ്ങളില്‍ കോവിഡ് പടര്‍ന്നാല്‍ മരണം കൂടുതലായിരിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. വായു മലിനീകരണം ശ്വസനവ്യവസ്ഥയെ തകരാറിലാക്കും. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നതിനാല്‍ വായു മലിനീകരണം കൂടുതലായ സാഹചര്യം സ്ഥിതി അതീവ ഗുരുതരമാക്കുമെന്നാണ് മുന്നറിയിപ്പ്. ജര്‍മനിയിലെ ഹാലെ-വിറ്റന്‍ബര്‍ഗ് മാര്‍ട്ടിന്‍ ലൂതര്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ യാരോന്‍ ഓഗിന്‍ പ്രസീദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഈ കണ്ടെത്തലുണ്ടായിരുന്നത്.
ഇറ്റലിയിലെ കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളില്‍ അന്തരീക്ഷ മലിനീകരണവും മരണനിരക്കും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വായു മലിനീകരണം വൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. ഇറ്റലിയുടെ വടക്കന്‍ ഭാഗത്ത് മരണനിരക്ക് 12% വരെ ഉയര്‍ന്നതിനു കാരണം ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം മൂലമാണെന്ന് പഠനത്തില്‍ പറയുന്നു.
അന്തരീക്ഷത്തില്‍ ഉയര്‍ന്ന തോതിലുള്ള നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് ശ്വാസകോശത്തിന്റെ ശേഷി കുറയ്ക്കുമെന്നു യാരോന്‍ ഓഗിന്‍ സമര്‍ത്ഥിക്കുന്നു. നൈട്രജന്‍ ഡയോക്‌സൈഡ് ഉയര്‍ന്ന തോതില്‍ ദീര്‍ഘകാലം ശ്വസിക്കുന്ന ഒരാളില്‍ കോവിഡ് ബാധിച്ചാല്‍ മരണസാധ്യത വര്‍ധിക്കുമെന്നു യാരോന്‍ പറയുന്നു. നമ്മുടെ ചുറ്റുപാടുകള്‍ മലിനമാക്കുകയെന്നാല്‍ നമ്മുടെ ശരീരത്തെ തന്നെ മലിനമാക്കുകയെന്നാണ് അര്‍ത്ഥം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് അതിരൂക്ഷമായി ബാധിച്ച പ്രദേശങ്ങളില്ലെല്ലാം തന്നെ നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് വളരെ കൂടുതലായിരുന്നു. വായു മലിനീകരണം അണുബാധ തടയാനുള്ള ശ്വാസകോശത്തിന്റെ ശേഷി നശിപ്പിക്കും. ശ്വാസകോശത്തിന്റെ ശേഷി കുറഞ്ഞ ഒരാളില്‍ കൊറോണ വൈറസ് ബാധ ഉണ്ടായാല്‍ മരണം വേഗത്തിലാകും.
രോഗാണുക്കളില്‍ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുന്ന ആദ്യത്തെ കവചമായ സൂക്ഷ്മ രോമങ്ങള്‍ പോലുള്ള സീലിയ ദുര്‍ബലമാകുന്നതിനാല്‍ കോവിഡ് അണുക്കള്‍ പെരുകി ആരോഗ്യസ്ഥിതി മോശമാകും. ലോകത്തെ 80 ശതമാനം കോവിഡ് മരണങ്ങളും അന്തരീക്ഷ മലിനീകരണം ഉയര്‍ന്ന സ്ഥലങ്ങളിലാണ്. ഇറ്റലിയിലെ മിലാനില്‍ വായുമലിനീകരണം രൂക്ഷമായിരുന്നു. അവിടെ കോവിഡ് അതീവ മാരകമായാണ് പ്രഹരിച്ചത്.

