ഇനി ധാരാവിയെ ചൊല്ലി വിലപിക്കേണ്ട; ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ചേരി പ്രദേശം കൊറോണയെ കീഴ്‌പ്പെടുത്തി ജീവിതം തിരിച്ചുപിടിക്കുന്നു

മുംബൈ: ഇനി ധാരാവിയെ ചൊല്ലി വിലപിക്കേണ്ട. ഏഷ്യ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ചേരിപ്രദേശം കൊറോണയെ കീഴ്‌പ്പെടുത്തി ജീവിതം തിരിച്ചുപിടിക്കുകയാണ്. കൊവിഡ് മഹാമാരി രാജ്യത്ത് കനത്ത നാശംവിതച്ചപ്പോള്‍ ഏവരും ഏറെ ഭയത്തോടുകൂടി നോക്കിയ സ്ഥലമാണ് ധാരാവി. ഈ കോളനിയില്‍ ആയിരക്കണക്കിന് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരും ഭരണാധികാരികളും നടുങ്ങി. കാരണം, 47,000 വീടുകളിലായി ഏഴുലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് അവിടെ പരിമിതമായ സ്ഥലത്ത് കഴിയുന്നത്. സാമൂഹിക അകലം പാലിക്കലോ വേലയോ കൂലിയോ കുട്ടികളുടെ വിദ്യാഭ്യാസമോ കുടിവെള്ളവിതരണം പോലുമോ വെല്ലുവിളിയായിരുന്നു. സാമൂഹിക അകലം പാലിക്കല്‍ എന്നത് നടപ്പാകില്ലെന്നു കരുതിയ സ്ഥലമാണത്.

അവിടെ കാറ്റ് മാറിവീശുകയാണ്. മേയ് മാസമാദ്യം പ്രതിദിനം 60 പേര്‍ രോഗ ബാധിതരായെങ്കില്‍ ഇപ്പോഴത് 20 പേരായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഭരണകൂടവും കൈകോര്‍ത്തു നീങ്ങിയപ്പോള്‍ വിസ്‌ഫോടനാത്മകമായി നിലകൊണ്ട ധാരാവി ക്രമത്തില്‍ നിയന്ത്രണവിധേയമായി. രോഗം ബാധിച്ചവരെ അടുത്തുള്ള സ്‌കൂളുകളിലും സ്പോര്‍ട്‌സ് ക്‌ളബുകളിലും സ്ഥാപിച്ച ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കു മാറ്റി. പനി ക്‌ളിനിക്കുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ ആരോഗ്യസ്ഥിതി നിയന്ത്രണത്തിലാക്കി. മേയ് മാസം ആദ്യം രേഖപ്പെടുത്തിയ രോഗികളുടെ മൂന്നിലൊന്ന് എണ്ണം രോഗികള്‍ മാത്രമേ ഇപ്പോള്‍ പുതുതായി ധാരാവിയില്‍ ഉണ്ടാകുന്നുള്ളൂ. മരണനിരക്കും ക്രമത്തില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എട്ടുപേര്‍ക്ക് ഒരു കുളിമുറി മാത്രമുള്ള പരിതാപമായ അവസ്ഥയില്‍ ജനം കഴിയുന്ന, മതിയായ സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത ഒരു വലിയ ചേരിവൈറസ് അതിവേഗം വ്യാപിക്കുന്ന ഹോട്ട്‌സ്പോട്ട് എന്നതില്‍നിന്ന് മഹാനഗരങ്ങള്‍ക്കു മാതൃകയാക്കാവുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയ പ്രദേശം എന്ന ഖ്യാതിയിലേക്ക് മെല്ലെ അടുക്കുകയാണ് ധാരാവി.

മുംബയില്‍ ആകെ രോഗത്തില്‍നിന്നു മുക്തിനേടിയവരുടെ നിരക്ക് 41 ശതമാനമായിരുന്നു. എന്നാല്‍, ധാരാവിയില്‍ ഇത് 51 ശതമാനമാണ്. എണ്ണം കുറച്ചുകാട്ടാന്‍ യാതൊരു ശ്രമവും ധാരാവിയില്‍ ഉണ്ടായില്ല. ഭരണാധികാരികളെ വിശ്വാസം വന്നതോടുകൂടി ജനങ്ങള്‍ പനി, ചുമ പോലുള്ള ചെറിയ ലക്ഷണം കാണുമ്പോള്‍ തന്നെ ചികിത്സ തേടി വന്നുതുടങ്ങി. രോഗം ഭേദമായാലും എങ്ങനെ സുരക്ഷിതമായിരിക്കണം എന്ന് ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടെന്നത് മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് ആശ്വാസം നല്‍കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും അവസാന രോഗിയുടെ അസുഖവും ഭേദമാകുംവരെ വിശ്രമിക്കാറായിട്ടില്ലെന്ന ഉത്തമബോധ്യം അധികൃതര്‍ക്കുണ്ട്. അതിനുള്ള കഠിനശ്രമം തുടരുകതന്നെയാണവര്‍. ഇനിവേണ്ടത് പുനരധിവാസമാണ്. രോഗം പൂര്‍ണമായി ഉച്ചാടനം ചെയ്തുകഴിഞ്ഞാലും അവര്‍ക്ക് വാസയോഗ്യമായ വീടുകളും ശുദ്ധജല വിതരണവും തൊഴിലും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വിനോദോപാധികളും നല്‍കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ധാരാവിയുടെ പുതുഗീതം.

Share
അഭിപ്രായം എഴുതാം