ഗുരുവായൂരില്‍ വിവാഹത്തിന് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രവേശനം അനുവദിച്ചു

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് പുറത്തു നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് പിന്‍വലിച്ചു. കെ. വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്മാര്‍ ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. അവര്‍ക്കൊപ്പം ഒരു സ്റ്റില്‍ ഫോട്ടോഗ്രാഫറേയും ഒരു വീഡിയോഗ്രാഫറേയും ഇനി അനുവദിക്കും.

കോവിഡ് 19 രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പുറമെ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. പകരം ദേവസ്വം ഏര്‍പ്പെടുത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന വീഡിയോയും ഫോട്ടോകളും വിവാഹ പാര്‍ട്ടികള്‍ക്ക് പെന്‍ഡ്രൈവില്‍ നല്‍കുകയാണ് ചെയ്തിരുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ഇതില്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു യോഗം. ഉത്തരവ് സംബന്ധിച്ച വിവരങ്ങള്‍ തൃശൂര്‍ ജില്ലാ ഭരണകൂടം പുറത്തിറക്കും. കെ. വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ. ബി മോഹന്‍ദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5113/-Photographers-were-allowed-access-to-weddings-in-Guruvayur.html

Share
അഭിപ്രായം എഴുതാം