മണിയാറിലെ ആളെക്കൊല്ലി കടുവ ചത്തത് മുള്ളന്‍പന്നിയെ പിടിക്കാനുള്ള ശ്രമത്തിലുണ്ടായ മുറിവുമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു

പത്തനംതിട്ട: മണിയാറിലെ ആളെക്കൊല്ലി പെണ്‍കടുവ ചത്തത് മുള്ളന്‍പന്നിയെ പിടിക്കാനുള്ള ശ്രമത്തിലുണ്ടായ മുറിവുമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ തറഞ്ഞുകയറിയ മുള്ള് മൂലമുണ്ടായ മുറിവ് പഴുക്കുകയും പിന്നീട് വ്രണമായി മാറുകയും ചെയ്തു. ഈ വ്രണത്തില്‍നിന്നാണ് ന്യൂമോണിയ ബാധിച്ചത്. കടുവയുടെ ശരീരത്തില്‍നിന്ന് മുള്ളന്‍പന്നിയുടെ മുള്ളുകളുടെ നാല് കഷണങ്ങള്‍ കണ്ടെടുത്തു. മുള്ളില്‍നിന്ന് വായിലുണ്ടായ മുറിവ് കാരണം നാലുദിവസമായി കടുവ പട്ടിണിയായിരുന്നു.

വ്യാഴാഴ്ച രാവിലെ പത്തരയോടെ തുടങ്ങിയ പോസ്റ്റുമോര്‍ട്ടം ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അവസാനിച്ചത്. പോസ്റ്റുമോര്‍ട്ടം മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. വായിലും ശ്വാസകോശത്തിലുമാണ് മുള്ളുകളേറ്റ് ആഴത്തിലുള്ള മുറിവുണ്ടായിരുന്നത്. ഇത് പഴുത്ത് വ്രണമായി തുടങ്ങിയിരുന്നു. മുള്ളനെ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ അത് കുടഞ്ഞ മുള്ളുകള്‍ കടുവയുടെ ദേഹത്ത് തറഞ്ഞിറങ്ങിയതാണെന്നാണ് വനപാലകര്‍ പറയുന്നത്. വായിലേറ്റ മുള്ള് കടുവയുടെ മേലണ്ണാക്കിലൂടെ കണ്ണിന്റെ അകംഭാഗം വരെ തുളഞ്ഞിറങ്ങിയിരുന്നു. ശ്വാസകോശത്തില്‍ രണ്ടിടത്തും വായിലുമായി ആഴത്തിലുള്ള മൂന്ന് മുറിവുകള്‍ ഉണ്ടായത് ന്യൂമോണിയയിലേക്കും തുടര്‍ന്ന് കടുവയുടെ മരണത്തിലേക്കും നയിച്ചുവെന്നാണ് വിലയിരുത്തല്‍. കടുവയുടെ ജഡം പിന്നീട് റേഞ്ച് ഓഫീസ് പരിസരത്ത് ദഹിപ്പിച്ചു.

Share
അഭിപ്രായം എഴുതാം