വയനാട് മണ്ഡലത്തില്‍ സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്യുന്ന കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായരുടെ ഹര്‍ജി സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും. തന്റെ നാമനിര്‍ദേശപത്രിക വരണാധികാരി തള്ളിയത് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് സരിത ഹര്‍ജി നല്‍കിയിരിക്കുന്നത്. അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു. അവിടെ സ്വീകരിച്ച തന്റെ നോമിനേഷന്‍ വയനാട്ടില്‍ നിരസിച്ചതിനെയാണ് സരിത ചോദ്യംചെയ്യുന്നത്.

സോളാര്‍ കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്നുവര്‍ഷത്തെ തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. കൂടാതെ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സരിത എസ് നായര്‍ നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയത്. എന്നാല്‍, ശിക്ഷ എറണാകുളം സെഷന്‍സ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നു. അതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ലെന്ന് സരിത സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം