മൂന്നരലക്ഷം പേര്‍ തിരഞ്ഞിട്ടും കിട്ടാത്ത റോക്കി മലനിരകളിലെ നിധി പേടകം സ്വന്തമാക്കി അജ്ഞാതന്‍

വടക്കേ അമേരിക്കയിലെ റോക്കി മൗണ്ടന്‍സില്‍ കോടീശ്വരനായ ഫോറസ്റ്റ് ഫെന്‍

ന്യൂഡല്‍ഹി: വടക്കേ അമേരിക്കയിലെ റോക്കി മൗണ്ടന്‍സില്‍ കോടീശ്വരനായ ഫോറസ്റ്റ് ഫെന്‍ ഒളിപ്പിച്ചു വച്ച 20 ലക്ഷം ഡോളര്‍ (ഏകദേശം 13 കോടി ഇന്ത്യന്‍ രൂപ) മൂല്യമുള്ള നിധി സ്വന്തമാക്കി അജ്ഞാതന്‍. ഫോറസ്റ്റ് ഫെന്‍ തന്നെയാണ് ഇക്കാര്യം ഞായറാഴ്ച(07-06-20) തന്റെ വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയത്.

എന്നാല്‍ നിധി കണ്ടെത്തിയ ആള്‍ ആരാണെന്ന് തനിക്കറിയില്ലെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് നിധി ലഭിച്ചതിന് തെളിവായി ഒരാള്‍ ചിത്രങ്ങളടക്കം തനിക്ക് അയച്ച് തരികയായിരുന്നുവെന്നും ഫെന്‍ പറയുന്നു.കിഴക്കന്‍ പ്രദേശത്ത് നിന്നുള്ള ഒരാളാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പുസ്തകത്തിലെ നിധിയെ കുറിച്ചുള്ള കവിതയാണ് അയാളെ നിധിയുടെ കണ്ടെത്താന്‍ സഹായിച്ചതെന്നും ഫെന്‍ പറയുന്നു. നിധി എവിടെയാണുള്ളതെന്നു സംബന്ധിച്ച് ഒന്‍പതു സൂചനകള്‍ താന്‍ നല്‍കിയിട്ടുണ്ടെന്നാണു ഫെന്‍ പറയുന്നത്. അതും 24 വരികളുള്ള ഒരു പദ്യത്തിലൂടെ. ദ് ത്രില്‍ ഓഫ് ദ് ചേസ്, ടൂ ഫാര്‍ ടു വാക്ക് എന്നീ പുസ്തകങ്ങളും ഫെന്നിന്റേതായുണ്ട്. 2010 ലിറങ്ങിയ ‘ത്രില്‍ ഓഫ് ദ് ചേസ്’ അദ്ദേഹത്തിന്റെ ആത്മകഥാപരമായ പുസ്തകമാണ്. ഇതിലാണു സൂചനകള്‍.

2010ലായിരുന്നു ഫെന്നിന്റെ നിധി സംബന്ധിച്ച പ്രഖ്യാപനം.താന്‍ കാന്‍സര്‍ ബാധിതനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫെന്‍ 2 മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന രത്‌നങ്ങളും സ്വര്‍ണവും നിറച്ച പേടകം റോക്കി പര്‍വത നിരയില്‍ ഒളിപ്പിച്ചത്. ആരാണ് പേടകം കണ്ടെത്തുന്നത് അവര്‍ക്കുള്ളതാണ് ഈ നിധിയെന്ന് ഫെന്‍ പ്രഖ്യാപിച്ചിരുന്നു.

അന്നുമുതല്‍ ആയിരക്കണക്കിനു പേരാണു റോക്കീസ് എന്നറിയപ്പെടുന്ന ഈ പര്‍വതനിരകളിലേക്കു നിധി തേടി എത്തിക്കൊണ്ടിരിക്കുന്നത്.

4800 കിലോമീറ്റര്‍ നീളത്തിലുള്ള റോക്കീസിന്റെ ന്യൂ മെക്സിക്കോ, കൊളറാഡോ, മോണ്ടാന തുടങ്ങിയ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പര്‍വത നിരകളിലാണു നിധിവേട്ടക്കാരുടെ പ്രധാന അന്വേഷണം. പക്ഷേ, ആര്‍ക്കും നിധി കിട്ടിയിട്ടില്ലെന്ന് മാത്രമല്ല, നാല് നിധി വേട്ടക്കാര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം