പാലക്കാട്: ഉഗ്രസ്ഫോടന ശേഷിയുള്ള പടക്കംവച്ചതു കൈതച്ചക്കയിലല്ലെന്നും തേങ്ങയിലാണെന്നും ലക്ഷ്യമിട്ടത് ആനയെയല്ല, കാട്ടുപന്നികളെയാണെന്നും പ്രതി സമ്മതിച്ചു. കേസിലെ മൂന്നാംപ്രതി മലപ്പുറം എടവണ്ണ ഓടക്കയം സ്വദേശി വില്‍സണ്‍(38) ആണ് ഇക്കാര്യം പറഞ്ഞത്. അമ്പലപ്പാറ കള്ളിക്കല്‍ ഒതുക്കുംപുറം റബര്‍ എസ്റ്റേറ്റ് ഉടമ അബ്ദുല്‍ കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരാണ് ഒന്നും രണ്ടും പ്രതികളെന്ന് വനപാലകര്‍ വ്യക്തമാക്കി.
തൊണ്ടുപൊളിക്കാത്ത നാളികേരം നെടുകെപിളര്‍ന്ന് സ്ഫോടകവസ്തു നിറച്ചാണ് ടാപ്പിങ് തൊഴിലാളിയായ വില്‍സണ്‍ കെണിയുണ്ടാക്കിയത്. അമ്പലപ്പാറയില്‍ അബ്ദുല്‍ കരീമിന്റെ 15 ഏക്കര്‍ തോട്ടത്തിനു മുകളിലെ വനമേഖലയില്‍ സ്ഫോടനക്കെണി സ്ഥാപിച്ചു. അബ്ദുല്‍ കരീമും മകനും ചേര്‍ന്നാണ് കെണി വനത്തില്‍ സ്ഥാപിച്ചത്. സ്ഫോടനക്കെണി തയാറാക്കിയ ഷെഡില്‍ വില്‍സനെ എത്തിച്ച് തെളിവെടുത്തു.
പിടികൂടുന്ന കാട്ടുപന്നികളെ ഇറച്ചിയാക്കി വിറ്റിരുന്നു. മലപ്പുറം എടവണ്ണ സ്വദേശിയായ വില്‍സന്‍ നാലുവര്‍ഷംമുമ്പാണ് അമ്പലപ്പാറയിലെത്തിയത്. ടാപ്പിങ്ങിനുപുറമേ വാഴക്കൃഷിയും ഇയാള്‍ ചെയ്തിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ ആനയെ പ്രതികള്‍ എസ്റ്റേറ്റിനടുത്ത് പിന്നീട് കണ്ടെങ്കിലും പാട്ടകൊട്ടി ഓടിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ മേയ് 14ന് കരുവാരക്കുണ്ടിലും 17ന് എടവണ്ണപ്പാറയിലും ആനയെ കണ്ടവരുണ്ട്. 23നാണ് തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ട് വെള്ളിയാറില്‍ ഇറങ്ങിനില്‍ക്കുന്നതു കണ്ടത്. 27ന് ചരിയുകയും ചെയ്തു.
തൊണ്ടുപൊളിക്കാത്ത നാളികേരം കാട്ടുപന്നികളുടെ വായക്കുള്ളില്‍ ഒതുങ്ങുകയില്ല. അതുകൊണ്ട് കാട്ടുപന്നിക്ക് കൈതച്ചക്കയിലോ ഇറച്ചിക്കടയിലെ വേസ്റ്റിലോ ആയിരിക്കും സാധാരണ വേട്ടക്കാര്‍ പന്നിപ്പടക്കം വയ്ക്കാറ്. തൊണ്ടുപൊളിക്കാത്ത നാളികേരം ആന ചവിട്ടിയോ കടിച്ചോ പൊട്ടിച്ച് ആയിരിക്കും സാധാരണ അകത്തെ കാമ്പ് എടുക്കുക. ഇതിനാല്‍ സ്‌ഫോടനക്കെണി ആനയെ ഉദ്ദേശിച്ചുതന്നെ ആണെന്നാണ് സംശയം ഉയരുന്നത്.