തൃശൂര്‍: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും നൂറ് മേനി വിളവെടുത്ത് തൃശൂര്‍ ജില്ല. സപ്ലൈകോ മുഖേന 99,961 ടണ്‍ നെല്ല് ഇതിനോടകം സംഭരിച്ചുകഴിഞ്ഞു. 269 കോടി രൂപയാണ് ഇതിന്റെ മൂല്യം. പാഡി റെസീപ്റ്റ് ഷീറ്റ് (പിആര്‍എസ്) ബാങ്കുകളില്‍ ഹാജരാക്കുന്നതനുസരിച്ച് ലഭിക്കുന്ന തുക ബാങ്കുകള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാകും. ഇങ്ങനെ 10 ബാങ്കുകളാണ് ജില്ലയില്‍ നെല്‍ കര്‍ഷ കര്‍ക്ക് പണം നല്‍കുന്നത്. ഇതനുസരിച്ച് 239 കോടി കര്‍ഷകര്‍ക്ക് ഇതിനകം ലഭിച്ചു കഴിഞ്ഞു.
ലോക്ക് ഡൗണ്‍ കാലമായതിനാല്‍ ഇത്തവണ കര്‍ഷകര്‍ കൂടുതല്‍ കരുതലോടെ യാണ് കൃഷിയിറക്കിയത്. 142 ഏക്കറില്‍ 400 ടണ്‍ മാത്രമാണ് ഇനി സംഭരിക്കാന്‍ ബാക്കിയുള്ളത്. മറ്റത്തൂര്‍ (15 ഏക്കര്‍), നെന്മണിക്കര (15 ഏക്കര്‍), കാടുകുറ്റി (15 ഏക്കര്‍), മുരിയാട് (20 ഏക്കര്‍), നടത്തറ (42 ഏക്കര്‍), മുല്ലശ്ശേരി കോള്‍ ഡബിള്‍ (35 ഏക്കര്‍) എന്നിവിടങ്ങളില്‍ മാത്രമാണ് ഇനി നെല്ല് സംഭരിക്കാനുള്ളത്. ഇത് കൂടി പൂര്‍ത്തീകരിച്ചാല്‍ ജില്ലയില്‍ 1,02,500 ടണ്‍ നെല്ലാണ് സപ്ലൈകോയ്ക്ക് സംഭരിക്കാന്‍ സാധിക്കുക. 276 കോടി രൂപയാണ് ഇതിന്റെ മൂല്യം വരിക.
ജില്ല സഹകരണ ബാങ്ക് 108. 02 കോടി, ഫെഡറല്‍ ബാങ്ക് 7.50 കോടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 32.62 കോടി, ഗ്രാമീണ്‍ ബാങ്ക് 11.95 കോടി, സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.84 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക് 2.22 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 1.56 കോടി, കനറാ ബാങ്ക് 14.80 കോടി, വിജയ ബാങ്ക് 0.34 കോടി, ബാങ്ക് ഓഫ് ഇന്ത്യ 48.99 കോടി എന്നീ ബാങ്കുകളില്‍ നിന്നുമാണ് പിആര്‍എസ് ലോണ്‍ പദ്ധതി വഴി ഇപ്പോള്‍ കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കിയിരിക്കുന്നത്. ഇത് കൂടാതെ 2.29 കോടി രൂപ ഡയറക്റ്റ് ഫണ്ട് വഴിയും ലഭിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് തൃശൂര്‍ താലൂക്കില്‍ നിന്നാണ്. 40,995 ടണ്‍. തലപ്പിള്ളി 28,926, മുകുന്ദപുരം 12,382, ചാവക്കാട് 12,032, ചാലക്കുടി 5,288, കൊടുങ്ങല്ലൂര്‍ 336 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍. 42,322 പേരാണ് നെല്ല് സംഭരണത്തിന് ജില്ലയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ജൂണ്‍ 15 വരെ സംഭരണം നീളും.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4881/Newstitleeng.html