കൊല്‍ക്കത്ത: മദ്യം വേണമെങ്കില്‍ ഫോണെടുത്ത് ബുക്ക് ചെയ്യുകയേ വേണ്ടൂ. സ്വിഗ്ഗിയുടെ ഡെലിവറി ബോയ് വീട്ടുപടിക്കലെത്തും. പശ്ചിമബംഗാളിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി മദ്യവിതണ രംഗവും കൈയടക്കുകയാണ്. ഒഡീഷയിലും ജാര്‍ഖണ്ഡിലും മദ്യവിതരണം നടത്തിവരുന്ന കമ്പനിയാണ് സ്വിഗ്ഗി. മറ്റ് സംസ്ഥാനങ്ങളിലും മദ്യവിതരണം നടത്താന്‍ സര്‍ക്കാരുകളുമായി കരാറുണ്ടാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
സ്വിഗ്ഗി പ്ലാറ്റുഫോമില്‍ വൈന്‍ ഷോപ്പ്‌സ് എന്ന വിഭാഗത്തിലാണ് മദ്യം ലഭിക്കുക. ബുക്കിങ് സ്വീകരിക്കുന്നതിനു മുമ്പ് ഉപഭോക്താവിന്റെ പ്രായം വെരിഫൈ ചെയ്യും. പ്രായം തെളിയിക്കുന്ന രേഖ ആദ്യം അപ്‌ലോഡ് ചെയ്യണം. മദ്യവുമായി ഡെലിവറി ബോയ് വീട്ടിലെത്തുമ്പോള്‍, ഫോണില്‍കിട്ടുന്ന ഒടിപി പറഞ്ഞാല്‍ മാത്രമേ മദ്യം കൈമാറുകയുള്ളൂ. കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കാനും ലിക്വര്‍ ഷോപ്പിലെ തിരക്ക് കുറയ്ക്കാനും തങ്ങളുടെ സേവനം ഉപകാരപ്രദമാണെന്ന് സ്വിഗ്ഗിയുടെ വൈസ് പ്രസിഡന്റ് അനൂജ് രതി പറഞ്ഞു.