മാതാപിതാക്കളെ കാണാന്‍ പോലീസ് യൂണിഫോമിട്ട് ബൈക്കില്‍ 180 കിലോമീറ്റര്‍ സഞ്ചരിച്ച് പെണ്‍കുട്ടിയുടെ സാഹസിക യാത്ര. കേരള പൊലീസ് നിരീക്ഷണ കേന്ദ്രത്തിലാക്കി

മൂന്നാര്‍: മാതാപിതാക്കളെ കാണാന്‍ പെണ്‍കുട്ടിയുടെ സാഹസിക യാത്ര. ലോക്ഡൗണ്‍ ആണെന്നോ അതിര്‍ത്തി കടക്കണമെങ്കില്‍ ഇരുസംസ്ഥാന സര്‍ക്കാരുകളുടെയും അനുമതി വേണമെന്നോ പ്ലസ്2വിന് പഠിക്കുന്ന പെണ്‍കുട്ടി നോക്കിയില്ല. പൊലീസിന്റെ കുപ്പായമിട്ട് ബൈക്കെടുത്ത് നൂറില്‍ കുതിച്ചു, കേരളത്തിലേക്ക്. ബോഡിനായ്ക്കന്നൂരില്‍ പ്ലസ്2വിന് പഠിക്കുന്ന വട്ടവടക്കാരി വിദ്യാര്‍ഥിനിയാണ് പൊലീസ് വേഷമിട്ട് കേരളത്തിലെത്തിയത്.

ബൈക്കില്‍ തമിഴ്നാട്ടിലെ ചെക്ക്പോസ്റ്റുകള്‍ കടന്ന് വട്ടവടയിലെ വീടിനടുത്തെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കേരള പൊലീസ് പിടികൂടിയതും നിരീക്ഷണകേന്ദ്രത്തിലാക്കിയതും. തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ടുകള്‍ പിന്നിട്ട് കേരളത്തില്‍ എത്തിയതിനാല്‍ നിരീക്ഷണ കേന്ദ്രത്തിലാക്കാതെ കേരള പൊലീസ് സമ്മതിച്ചില്ല. സമ്പര്‍ക്കവിലക്കിനെ തുടര്‍ന്ന് മൂന്നുമാസമായി ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടി. ബുധനാഴ്ച രാവിലെയാണ് ബോഡിനായ്ക്കന്നൂരില്‍നിന്ന് പൊലീസ് യൂണിഫോമില്‍ വട്ടവട പഞ്ചായത്തിലെ കോവിലൂരിലുള്ള മാതാപിതാക്കളെ കാണാന്‍ ബൈക്കില്‍ പുറപ്പെട്ടത്.

കുമളിവഴി 180 കിലോമീറ്റര്‍ സഞ്ചരിച്ച് വട്ടവടയിലെത്തി. വഴിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ സംശയംതോന്നി ചോദ്യംചെയ്തപ്പോഴാണ് സംഭവമറിയുന്നത്. വഴിയില്‍കണ്ടവരോടൊക്കെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ചെക്ക്പോസ്റ്റുകള്‍ കടന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതരെത്തി വിദ്യാര്‍ഥിനിയെ വട്ടവട പഞ്ചായത്തിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി.

Share
അഭിപ്രായം എഴുതാം