പാലക്കാട്: ആനക്കട്ടി ഭാഗത്തെ തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ അകപെട്ടുപോയ അട്ടപ്പാടി ബ്ലോക്കിലെ സ്ഥിരതാമസക്കാരായ ആളുകള്‍ക്ക് ആനക്കട്ടി ചെക്‌പോസ്റ്റ് വഴി അട്ടപ്പാടിയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടു. അതിര്‍ത്തിക്കപ്പുറത്ത് കുടുങ്ങിയവര്‍ക്ക് ഒരു തവണ കടന്നുവരുന്നതിന് മാത്രമായിരിക്കും അനുമതി. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെ ഇത്തരത്തില്‍ യാത്ര അനുവദിക്കും. ചെക്ക്‌പോസ്റ്റ് വഴി കടന്നുവരുന്ന ആളുകളുടെ വിവരങ്ങള്‍ കോവിഡ് 19 ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് അഹാര്‍ഡ്‌സില്‍ സര്‍ക്കാര്‍ താമസ സൗകര്യം ഒരുക്കും. കില, റിസോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ സ്വന്തം ചെലവിലും ആളുകള്‍ക്ക് നിരീക്ഷണത്തില്‍ പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കും. ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഇത്തരത്തില്‍ വരുന്നവരുടെ തുടര്‍ നിരീക്ഷണത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതും ചെക്ക്‌പോസ്റ്റുകളില്‍ പാലിക്കേണ്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരേണ്ടതുമാണ്. പഞ്ചായത്ത് സെക്രട്ടറിമാര്‍ ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കണം
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4845/Newstitleeng.htm