കൊച്ചി: എറണാകുളം ബ്രോഡ്വേയിലെ കിംഗ് ഷൂമാര്‍ട്ട് ഉടമ ഷംസുദ്ദീനെ കൊന്നകേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതി ജോഷിക്ക് (കരിപ്പായി ജോഷി) ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. 2013ല്‍ എറണാകുളം പുല്ലേപ്പടി അരങ്ങത്ത് ക്രോസ് റോഡില്‍ സാറാ മന്‍സിലില്‍ ഷംസുദ്ദീനെ(59) നെട്ടൂരില്‍ ആളൊഴിഞ്ഞ ഭാഗത്തുവച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെട്ടൂര്‍ മാര്‍ക്കറ്റ് റോഡില്‍ രാത്രി ഒമ്പതിനുശേഷമായിരുന്നു കൊലപാതകം. കിഴക്കമ്പലത്ത് 1.16 ഏക്കര്‍ സ്ഥലത്തിന്റെ വില്‍പന നടത്തിയതില്‍ ഇടനിലക്കാരനായ ജോഷിക്ക് കമ്മീഷന്‍ കുറഞ്ഞുപോയി എന്നതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.
നെട്ടൂരില്‍ സ്ഥലം കാണിക്കാനെന്നു പറഞ്ഞ് വിളിച്ചുവരുത്തിയശേഷം ആക്രമിക്കുകയായിരുന്നു. ഷംസുദ്ദീന് പതിനാല് കുത്തേറ്റു. ഷംസുദ്ദീന്‍ വഴിയരികില്‍ കിടക്കുന്നതുകണ്ട വാര്‍ഡ് കൗണ്‍സിലറാണ് പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ഡ്രൈവിങ് ലൈസന്‍സും സംഭവസ്ഥലത്തു കണ്ടെത്തിയത് പ്രതിയെ പിടികൂടാന്‍ സഹായിച്ചു.