മഞ്ചേശ്വരത്തെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകാന്‍ പ്രത്യേക പദ്ധതി 46 ലക്ഷം രൂപയുടെ യന്ത്രങ്ങള്‍ കൈമാറി

കാസര്‍കോഡ്: സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി ഊര്‍ജിതമാക്കുന്നതിന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വിവിധ കാര്‍ഷിക യന്ത്രങ്ങള്‍ കൈമാറി.  46 ലക്ഷം രൂപ ചെലവില്‍ മിനി ട്രാക്ടര്‍, റീപ്പര്‍, പവര്‍ ടില്ലര്‍, ട്രാന്‍സ് പ്ലാന്റര്‍ തുടങ്ങിയ 21 യന്ത്രങ്ങളാണ് വിതരണം ചെയ്തത്.  ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്നാണ് തുക കണ്ടെത്തിയിട്ടുള്ളത്.  ഓരോ പഞ്ചായത്തിലെയും പാടശേഖര സമിതികളുടെ മേല്‍നോട്ടത്തില്‍ മുഴുവന്‍ കര്‍ഷകര്‍ക്കും നാമമാത്രമായ വാടക നല്‍കി കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കാം. തുടര്‍ന്ന് വന്നേക്കാവുന്ന അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായാണ്  ഈ വാടക തുക വിനിയോഗിക്കുക.

മഞ്ചേശ്വരം കാര്‍ഷിക സംസ്‌കൃതി അവകാശപ്പെടാവുന്ന ഒരു പ്രദേശമാണെങ്കിലും കഴിഞ്ഞ കുറെ കാലമായി ഉയര്‍ന്ന കൂലിച്ചെലവും തൊഴിലാളികളുടെ  അഭാവവും നിമിത്തം കാര്‍ഷിക മേഖലയില്‍  വികസന മുരടിപ്പ് അനുഭവപ്പെടുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യം നല്‍കേണ്ട ഈ കോവിഡ് കാലത്ത് കാര്‍ഷിക രംഗത്തെ യന്ത്രവല്‍ക്കരിക്കുന്നതിനാണ് പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ ഈ മുരടിപ്പിന്  ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കും. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പാട ശേഖര സമിതികള്‍ മുഖേന കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ നല്‍കുന്ന പദ്ധതി നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെ ഏഴു ഗ്രാമ പഞ്ചായത്തുകളിലെയും കൃഷി ഭവനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാടശേഖര സമിതി ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നിട്ടുള്ള നിര്‍ദേശങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് യന്ത്രങ്ങള്‍ തിരഞ്ഞെടുത്തത്.

ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക യന്ത്ര വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ മുസ്തഫ ഉദ്യാവാര്‍, ഫാത്തിമത് സുഹ്‌റ, എന്‍മകജെ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ പെര്‍ള, ബ്ലോക്ക് പഞ്ചായത്ത് മെബര്‍മാരായ സൈറ ബാനു, ബി എം ആശാലത, മിസ്ബാന, കെ ആര്‍ ജയാനന്ദ, പ്രസാദ് റായ്, ബ്ലോക്ക് പഞ്ചായത് സെക്രട്ടറി എന്‍ സുരേന്ദ്രന്‍, എഡിഎ നിഷ തുടങ്ങിയവര്‍ സംബന്ധിച്ചു. 

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/84097

Share
അഭിപ്രായം എഴുതാം