ന്യൂഡല്‍ഹി: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി എന്നു തന്നെ പറയാം, ഇങ്ങനെ ഒരു അഭിപ്രായപ്രകടനം ഒരു നഗരത്തിൻറെ പോലീസ് മേധാവി രാജ്യത്തിൻറെ പരമോന്നത അധികാരിയോട് നടത്തുന്നത്. ഹൂസ്റ്റണിലെ സിറ്റി പോലീസ് മേധാവിയായ ആർട്ട് അസെവെഡോയുടെ വാക്കുകൾക്ക് മറയില്ലാത്ത ശക്തമായ താക്കീതിന്റെ സ്വരം ആയിരുന്നു. “ഈ രാജ്യത്തെ പോലീസ് മേധാവിമാരുടെ പേരിൽ ഒരു കൊച്ചു കാര്യം പ്രസിഡന്റിനോട് പറഞ്ഞുകൊള്ളട്ടെ, നല്ലതൊന്നും അങ്ങേയ്ക്ക് പറയാൻ ഇല്ലായെങ്കിൽ നാക്ക് വായിൽ ഇടുന്നതാണ് നല്ലത്.”
മുഴുവൻ വോട്ടർമാരും നേരിട്ട് തിരഞ്ഞെടുക്കുന്ന അമേരിക്കയുടെ പ്രസിഡണ്ട് പദവി അധികാരശക്തിയിൽ ലോകത്ത് ഒന്നാമത്തേതായാണ് പരിഗണിക്കപ്പെടുന്നത്. ആ സ്ഥാനത്തിരിക്കുന്ന ആളിനോട് ആണ് അമേരിക്കയിലെ നിരവധി മഹാനഗരങ്ങളിൽ ഒന്നു മാത്രമായ ഹൂസ്റ്റണിലെ പോലീസ് മേധാവി ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു കാര്യം പറഞ്ഞിരിക്കുന്നത്.
മൂന്ന് പോലീസ് ഓഫീസർമാരുടെ സാന്നിധ്യത്തിൽ ഡെറിക് ചൗവിൻ എന്ന ആഫീസർ നിരായുധനും വിലങ്ങു വെച്ച് നിസ്സഹായനുമായ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊന്നതാണ് സംഭവങ്ങളുടെ തുടക്കം. മെയ് 25-ാം തീയതി പകൽ സമയത്ത് മിനി സോട്ടാ സംസ്ഥാനത്തെ മിനിയാപോലീസ് നഗരത്തിൽ പൊതുനിരത്തിൽ വച്ചായിരുന്നു ഹീനകൃത്യം അരങ്ങേറിയത്. ഇതിനെതിരെ കറുത്തവർഗ്ഗക്കാരുടെ പ്രതിഷേധം അമേരിക്കയിൽ ഇരമ്പിയാർത്തു. കറുത്തവർഗ്ഗക്കാരോട് ഉള്ള വിവേചനത്തെ എതിർക്കുന്ന വെള്ളക്കാരും മനുഷ്യാവകാശ പ്രവർത്തകരും ഒപ്പം കൂടിയതോടെ അടുത്തകാലത്ത് അമേരിക്ക കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം ആയി ഇത് മാറി. ഇതിനെതിരെ പ്രസിഡൻറ് ട്രംപ് നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഏവരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. പ്രതിഷേധക്കാർക്കിടയിൽ കടന്നുകൂടിയ പ്രക്ഷോഭകാരികൾ ചിലയിടങ്ങളിൽ അക്രമം പ്രവർത്തിച്ചിരുന്നു. പോലീസ് സ്റ്റേഷന് തീവെക്കുകയും കടകൾ കൊള്ളയടിക്കുകയും ഉണ്ടായി. എന്നാൽ ഇതിൻറെ പേരിൽ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി അണിനിരന്നവരെ മുഴുവൻ അടിച്ചമർത്താൻ പരസ്യമായി ആഹ്വാനം ചെയ്യുകയായിരുന്നു ട്രമ്പ് ചെയ്തത്.

ജോർജ് കൊല്ലപ്പെട്ട മിനിയാപോലീസിൽ ആണ് ആദ്യം പ്രക്ഷോഭം ആരംഭിച്ചത്. അവിടെ പ്രക്ഷോഭകാരികളെ ശക്തമായി പോലീസ് നേരിട്ടു. നാഷണൽ ഗാർഡ് രംഗത്തിറങ്ങിയാണ് ബലപ്രയോഗം നടത്തിയത്. ഈ ബലപ്രയോഗത്തെ അഭിനന്ദിച്ചുകൊണ്ട് ട്രമ്പ് രംഗത്തുവന്നു. “വെണ്ണ മുറിക്കുന്നതുപോലെ നിസ്സാരമായി സമരക്കാരെ പൊലീസ് കൈകാര്യം ചെയ്തു” എന്നാണ് ട്രമ്പ് ഇതേപ്പറ്റി പറഞ്ഞത്. “നിങ്ങൾ അവരെ കീഴടക്കണം, കീഴടക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ വെറുതെ സമയം ചെലവഴിക്കുകയായിരിക്കും. അതോടെ അവർ നിങ്ങളെ കൈകാര്യം ചെയ്തു തുടങ്ങും. അതുകൊണ്ട് അവരെ കീഴടക്കണം” ഇതായിരുന്നു ട്രമ്പിന്റെ വാക്കുകൾ. അതിനീചമായി നിരായുധനായ ഒരു കറുത്തവർഗ്ഗക്കാരനെ വിലങ്ങുവച്ചു നിസ്സഹായനാക്കിയ ശേഷം പൊതുസ്ഥലത്ത് പരസ്യമായി കൊല ചെയ്ത സംഭവത്തിന്റെ പേരിൽ ഭരണഘടനാ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചവരെ അടിച്ചമർത്താനുള്ള ആഹ്വാനം എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു.
പ്രസിഡന്റിന്റെ വാക്കുകൾക്ക് ഒരു പോലീസ് മേധാവി മറുപടി പറയുമെന്ന് രാഷ്ട്രീയക്കാർ പോലും കരുതിയിരുന്നില്ല. പക്ഷേ നിയമവാഴ്ച പരീക്ഷിക്കുവാൻ ചുമതലപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന് പ്രസിഡണ്ടിനോട് ആണെങ്കിലും ഇങ്ങനെ പറഞ്ഞേ മതിയാവൂ എന്നുള്ളതാണ് സത്യം. അത് പറയുവാൻ ഉള്ള അധികാരം ക്രമസമാധാനം പരിപാലിക്കേണ്ട പോലീസുദ്യോഗസ്ഥന് ഉണ്ട് . അത് ഉറച്ച സ്വരത്തിൽ മടിയില്ലാതെ പറഞ്ഞു എന്നതിലാണ് ഈ ഉദ്യോഗസ്ഥന്റെ നട്ടെല്ല്.
“അടിച്ചമർത്താനുള്ള ആഹ്വാനത്തിലൂടെ വളരെ ചെറുപ്പക്കാരായ സ്ത്രീപുരുഷന്മാരുടെ ജീവനെയാണ് പ്രസിഡണ്ട് ട്രംപ് പ്രതിസന്ധിയിൽ പെടുത്തിയിരിക്കുന്നത്” എന്ന് പോലീസ് മേധാവി പറഞ്ഞു. “കീഴടക്കുന്ന തിനെപ്പറ്റി അല്ല പറയേണ്ടത്. ഹൃദയവും മനസ്സും നേടിയെടുക്കുന്നതിനെ കുറിച്ചാണ് ഈ ഘട്ടത്തിൽ പറയേണ്ടത്. ദയാപൂർവ്വം കാര്യങ്ങളെ സമീപിക്കുന്നതും കഴിവുകേടും തമ്മിൽ വ്യക്തമായി വേർതിരിക്കണം. പക്ഷേ സാധാരണ നില കൈവരിക്കുന്നതിനെ തടസ്സപ്പെടുത്തുന്ന ഒന്നും ഉണ്ടാകാൻ പാടില്ല. “അസെവെഡോ സി എൻ എൻ ചാനലിന്റെ ക്രിസ്റ്റിൻ അമൻ പോറിനോട് പറഞ്ഞ വാക്കുകൾ ഒരു രാജ്യത്തോട് മുഴുവൻ ഉള്ള അഭ്യർത്ഥന ആയി മാറിയിരിക്കുകയാണ് ഇപ്പോൾ .

ഹോളിവുഡ് ചലച്ചിത്രമായ ഫോറസ്റ്റ് ഗമ്പിലെ “നിങ്ങൾക്ക് ഒന്നും പറയാനില്ല എങ്കിൽ പറയാതിരിക്കുന്നതാണ് നല്ലത്. “എന്ന സംഭാഷണവും ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു. “നിങ്ങൾക്ക് ഒന്നും പറയാനില്ലെങ്കിൽ പറയാതിരിക്കുന്നതാണ് നല്ലത് എന്ന കാര്യം നേതൃത്വത്തിന്റെ അടിസ്ഥാനതത്വമാണ്. മറ്റേതൊരു സമയത്തെക്കാളും ഇപ്പോൾ നമുക്ക് നേതൃത്വം ആവശ്യമുണ്ട്. പ്രസിഡണ്ടിനെ ദൗത്യങ്ങൾ നിർവഹിക്കേണ്ട സമയമാണ് ഇത്, മറിച്ച് പ്രസിഡൻറ് ആകാൻ പരിശീലിക്കേണ്ട സമയമല്ല. ഇത് ഹോളിവുഡ് അല്ല, യഥാർത്ഥ ജീവിതമാണ്. യഥാർത്ഥ ജീവനുകൾ പൊലിയുന്ന സാഹചര്യമാണ്. “
ഹോളിവുഡിനെ കുറിച്ചുള്ള സൂചനയിൽ ഒരു ഒളിയമ്പ് ഉണ്ട്. ട്രംപ് താരമായി രംഗത്തുവന്ന ഒരു റിയാലിറ്റി ഷോ ഉണ്ടായിരുന്നു. അതേ പറ്റിയാണ് പോലീസ് മേധാവി സൂചിപ്പിച്ചത് എന്നാണ് വിലയിരുത്തൽ.
ഒരു പൊലീസ് ഉദ്യോഗസ്ഥൻ രാജ്യത്തിൻറെ പരമാധികാരിയെപ്പറ്റി ഇത്രത്തോളം പറയാമോ പ്രോട്ടോകോൾ പ്രശ്നം ഉണ്ട് . എന്നാൽ പ്രസിഡണ്ടിന്റെ പദവിയിൽ ഇരിക്കുന്ന ഒരാളുടെ വാക്കുകൾ കലാപത്തിന് കാരണമായി എന്ന് റിപ്പോർട്ട് എഴുതാനുള്ള അധികാരം പൊലീസിനും ഉണ്ട്. അങ്ങനെയൊരു റിപ്പോർട്ട് ഉണ്ടായാൽ അമേരിക്കൻ ജനത അടങ്ങിയിരിക്കില്ല എന്ന് പോലീസ് ഉദ്യോഗസ്ഥനും അറിയാം. അതാണ് അയാളുടെ നട്ടെല്ലും തുരുപ്പ് ചീട്ടും.
വെറുമൊരു സിറ്റി പോലീസ് കമ്മീഷണർക്ക് മറുപടി പറയുന്നതുപോലെ പോലെ രംഗത്തുവരാൻ അമേരിക്കൻ പ്രസിഡണ്ടും നിർബന്ധിതനായി. ഇതിന് പിന്നാലെ തന്നെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് ട്രംപിന്റെ വിശദീകരണം വന്നു. രാജ്യത്തോടും ജനങ്ങളോടും ഭരണഘടനയോടുമുള്ള കുറും സത്യപ്രതിജ്ഞയും അനുസ്മരിപ്പിച്ചു കൊണ്ടായിരുന്നു ട്രംപ് പ്രതികരിച്ചത്. കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരൻ ജോർജ് ഫ്ലോയ്ഡിനും കുടുംബാംഗങ്ങൾക്കും നീതി ലഭ്യമാക്കാൻ ഉത്തരവാദിത്തപ്പെട്ട ആളാണ് താൻ എന്ന് ട്രംപ് വ്യക്തമാക്കി.